മദ്‌റസാധ്യാപക ക്ഷേമനിധി: അംഗങ്ങളുടെ കുടുംബത്തിനും ചികിത്സാ സഹായം

Posted on: April 1, 2018 6:18 am | Last updated: March 31, 2018 at 11:21 pm

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗമായവരുടെ കുടുംബത്തിന് കൂടി ചികിത്സാ സഹായം ലഭ്യമാക്കാന്‍ ആലോചന. ഇത് സംബന്ധിച്ച് മദ്‌റസാധ്യാപക ക്ഷേമനിധി അധികൃതര്‍ സര്‍ക്കാറില്‍ ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. സാധാരണ അസുഖങ്ങള്‍ക്ക് അയ്യായിരം രൂപയും വലിയ അസുഖങ്ങള്‍ക്ക് 25000 രൂപയും ചികിത്സാ സഹായമായി ലഭിക്കും. ഈ ആനുകൂല്യമാണ് ഇനി മുതല്‍ കുടുംബാംഗങ്ങള്‍ക്ക് കൂടി ലഭ്യമാക്കാന്‍ ആലോചിക്കുന്നത്.

മദ്‌റസാ അധ്യാപക ക്ഷേമനിധി ഓഫീസില്‍ നിന്നുള്ള ശിപാര്‍ശ അംഗീകരിച്ചാല്‍ അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് കൂടി ചികിത്സ ലഭ്യമാകുന്ന പദ്ധതി ആരംഭിക്കും. ഇത് തുച്ഛവേതനത്തില്‍ ജോലി ചെയ്യുന്ന മദ്‌റസാധ്യാപകര്‍ക്ക് കൂടുതല്‍ ഗുണകരമാകും. തീര്‍ത്തും പലിശമുക്തമായി ആരംഭിച്ച മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ 17000ത്തിലധികം പേരാണ് ഇതുവരെ അംഗത്വമെടുത്തത്. ഓരോ ദിവസവും കുറഞ്ഞത് 50 അപേക്ഷകളെങ്കിലും ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്നുമുണ്ട്. മദ്‌റസാധ്യാപകരെ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിന് വിവിധ മതസംഘടനകളുടെ സമ്മേളനങ്ങളിലും മറ്റും ക്യാമ്പുകള്‍ സജ്ജീകരിക്കുകയും ഫോറങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. പദ്ധതി പ്രകാരം ഓരോ മദ്‌റസാധ്യാപകനും ആയിരം മുതല്‍ 5220 രൂപ വരെ മാസത്തില്‍ പെന്‍ഷന്‍ ലഭിക്കും. പദ്ധതിയില്‍ അംഗമായി അഞ്ച് വര്‍ഷമായവര്‍ക്കാണ് ആയിരം രൂപ പെന്‍ഷന്‍ ലഭ്യമാകുക. അംഗത്വമെടുത്ത് പരമാവധി മുപ്പത് വര്‍ഷമായവര്‍ക്കാണ് 5220 രൂപ മാസത്തില്‍ ലഭിക്കുക. നിലവില്‍ 87 പേര്‍ക്ക് പെന്‍ഷന്‍ നല്‍കിവരുന്നുണ്ട്. ഇതിന് പുറമെ അംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് പദ്ധതി പ്രകാരം 2000 രൂപ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നുണ്ട്. അംഗങ്ങളില്‍പെട്ടവരുടെ വിവാഹത്തിനും അംഗങ്ങളുടെ രണ്ട് പെണ്‍മക്കളുടെ വിവാഹത്തിനും 10,000 രൂപ വീതം സര്‍ക്കാര്‍ ധനസഹായം അനുവദിക്കുന്നു. ഇതിനകം 630 പേര്‍ക്ക് 63 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. ചികിത്സാ ധനസഹായമായി 32 പേര്‍ക്ക് 3,90,000 രൂപ നല്‍കി. പദ്ധതിപ്രകാരം ഓരോ വര്‍ഷവും 200 പേര്‍ക്ക് വീട് നിര്‍മിക്കാന്‍ പലിശരഹിതമായ രണ്ടര ലക്ഷം രൂപയും സഹായം നല്‍കുന്നുണ്ട്. ഇത് 84 മാസം കൊണ്ട് അടച്ച് തീര്‍ത്താല്‍ മതി. ന്യൂനപക്ഷ ധനകാര്യകോര്‍പറേഷന്‍ വഴിയാണ് ധനസഹായം അനുവദിക്കുന്നത്.

മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ മാസത്തില്‍ നൂറ് രൂപയാണ് ഓരോ അംഗവും അടക്കേണ്ടത്. ഇതില്‍ 50 രൂപ അധ്യാപകനും അമ്പത് രൂപ മദ്‌റസാ മാനേജ്‌മെന്റുമാണ് അടക്കേണ്ടത്. എന്നാല്‍ പല മാനേജ്‌മെന്റുകളും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നതായി ക്ഷേമ നിധി ഓഫീസ് ഉദ്യാഗസ്ഥര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് പല അധ്യാപകരും സ്വന്തം വിഹിതത്തിന് പുറമെ മാനേജ്‌മെന്റിന്റെ വിഹിതവും കൂടി അടക്കുന്നുമുണ്ട്. അംഗത്വമെടുക്കലും മറ്റും ലളിതമായ നടപടിക്രമങ്ങളിലൂടെയാണ്. അധ്യാപകര്‍ നല്‍കുന്ന അപേക്ഷക്ക് പുറമെ മദ്‌റസാ മാനേജ്‌മെന്റിന്റെ ശിപാര്‍ശക്കത്ത് ആവശ്യമുണ്ട്. എന്നാല്‍ കത്ത് ലഭ്യമല്ലെങ്കില്‍ അധ്യാപകന്‍ തന്നെ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷ നല്‍കണം.

സച്ചാര്‍ കമ്മിറ്റി ശിപാര്‍ശയുടെ ഭാഗമായി രൂപവത്കരിച്ച പാലോളി കമ്മിറ്റി നിര്‍ദേശപ്രകാരമാണ് 2010 ല്‍ പദ്ധതി ആരംഭിച്ചത്. തപാല്‍ വകുപ്പ്, കോഴിക്കോട് ജില്ലാ സഹകരണ ബേങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് മദ്‌റസാധ്യാപകരുടെയും മദ്‌റസ കമ്മിറ്റി മാനേജ്‌മെന്റുകളുടെയും പങ്കാളിത്തത്തോടെ പദ്ധതി ആരംഭിച്ചിരുന്നത്. എന്നാല്‍ പദ്ധതി തീര്‍ത്തും പലിശ മുക്തമല്ലെന്ന വിമര്‍ശം ഉയര്‍ന്നതോടെ 2011ല്‍ പുതിയ രൂപത്തില്‍ ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു. പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ കോര്‍പ്പസ് ഫണ്ട് അനുസരിച്ച് 10 കോടി രൂപ പുതിയറയിലുള്ള സബ്ട്രഷറിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. നേരത്തെ കോഴിക്കോട് ജില്ലാ സഹകരണ ബേങ്കിലായിരുന്നു നിക്ഷേപിച്ചിരുന്നത്. ഇത് ബേങ്കില്‍ നിന്ന് മാറ്റി ട്രഷറി മുഖാന്തരമാക്കുകയായിരുന്നു. ധനകാര്യ വകുപ്പ് പ്രത്യേക ഉത്തരവിലൂടെയാണ് ട്രഷറിയില്‍ അക്കൗണ്ട് ആരംഭിക്കുന്നതിന് നടപടിയെടുത്തത്. പദ്ധതിയുടെ ഗുണം കൂടുതല്‍ അധ്യാപകരിലേക്കത്തിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് മദ്‌റസാധ്യാപക ക്ഷേമനിധി മാനേജര്‍ അബ്ദുല്‍ ഹമീദ് സിറാജിനോട് പറഞ്ഞു.