Connect with us

Sports

മഞ്ഞപ്പടക്ക് ആവേശം; അനസ് ബ്ലാസ്റ്റേഴ്‌സില്‍

Published

|

Last Updated

കൊച്ചി: ഒടുവില്‍ കേരളം കാത്തിരുന്ന താരം ബ്ലാസ്റ്റേഴ്‌സിലെക്കെത്തുന്നു. മലയാളിതാരം അനസ് എടത്തൊടികയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാക്കി കേരളത്തിലേക്കെത്തുന്നത്. ജംഷഡ്പൂര്‍ എഫ് സി യുടെ താരമായ അനസുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു.

മലയാളി താരങ്ങളായ സി കെ വിനീത്, റിനോ ആന്റോ എന്നിവര്‍ കേരളം വിടുന്ന സാഹചര്യത്തില്‍ അനസിനെ ടീമിലെത്തിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ആവേശത്തിലായി. ഐ എസ് എല്‍ ആദ്യസീസണ്‍ മുതല്‍ പ്രതിരോധനിരയിലെ ശ്രദ്ധേയമായ താരമായിരുന്നു അനസ്. അനസ് മഞ്ഞ ജേഴ്‌സിയില്‍ പന്തുതട്ടുന്നത് കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിപ്പിലായിരുന്നു.

റിനോ ആന്റോ പോകുന്നതോടെ സന്ദേശ് ജിങ്കാനൊപ്പം പ്രതിരോധ കോട്ട കാക്കുന്നത് അനസായിരിക്കും.
ടീമിലെ യുവ പ്രതിരോധ താരമായ ലാല്‍റുവാത്താരയെ ടീം നിലനിര്‍ത്തിയിരുന്നു. മുംബൈ സിറ്റി താരം എം പി സക്കീര്‍, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ അബ്ദുല്‍ ഹക്കു എന്നിവരെയും ബ്ലാസ്റ്റേഴ്സ് സ്വന്തം ക്യാമ്പിലെത്തിച്ചിട്ടുണ്ട്. ഡല്‍ഹി ഡൈനാമോസ് താരമായിരുന്ന അനസിനെ കഴിഞ്ഞ സീസണില്‍ 1.10 കോടി രൂപക്ക് ഡ്രാഫ്റ്റിലൂടെയായിരുന്നു ജംഷെഡ്പൂര്‍ സ്വന്തമാക്കിയത്.

2007ല്‍ മുംബൈ എഫ്സിയിലൂടെ സീനിയര്‍ കരിയര്‍ തുടങ്ങിയ അനസ് 2011 മുതല്‍ 2015 വരെ പൂനെ എഫ്സിയുടെ താരമായിരുന്നു. ദേശീയ ടീമിനായി ഒമ്പത് മത്സരങ്ങള്‍ കളിച്ചു. കരാറിന്റെ മറ്റ് വിവരങ്ങളും ഔദ്ദ്യോഗിക പ്രഖ്യാപനവും സൂപ്പര്‍കപ്പിന് ശേഷമായിരിക്കും ഉണ്ടാകുക.

Latest