Connect with us

National

വ്യാജവാര്‍ത്ത: സംഘ്പരിവാര്‍ അനുകൂല ഓണ്‍ലൈന്‍ സ്ഥാപകന്‍ അറസ്റ്റില്‍

Published

|

Last Updated

ബെംഗളൂരു: സമൂഹത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ സംഘ്പരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലായ പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്‌ഡെ അറസ്റ്റില്‍.

കോണ്‍ഗ്രസ് നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റുചെയ്തത്. ഉപാദ്ധ്യായ മായങ്ക് സാഗര്‍ ജി മഹാരാജ് എന്ന ജൈന സന്യാസിയെ മുസ്‌ലിം യുവാക്കള്‍ ആക്രമിച്ചുവെന്നും സിദ്ധരാമയ്യയുടെ കര്‍ണാടകയില്‍ ആരും സുരക്ഷിതരല്ലെന്നുമാണ് മാര്‍ച്ച് 19ന് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ട്വിറ്റര്‍ പേജില്‍ വിക്രം പോസ്റ്റ് ചെയ്തത്. വാഹനാപകടത്തില്‍ പരുക്കേറ്റ ജൈന സന്യാസിയുടെ ചിത്രം ഉപയോഗിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ പരാതി.

സംഭവത്തെ വളച്ചൊടിച്ച് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയതാണ് അറസ്റ്റിലേക്ക് നയിച്ചത്. നിരവധി പേര്‍ ഈ വാര്‍ത്ത റീ ട്വീറ്റ് ചെയ്യുകയും പോസ്റ്റ് വൈറലാകുകയും ചെയ്തു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ബെംഗളൂരു ഡി സി സി ജനറല്‍ സെക്രട്ടറി ഗഫാര്‍ ബെയ്ഗ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

റാണി ചെന്നമ്മയേയും ഒനാകെ ഒ ബാവയേയും പറ്റി പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്തകളിന്മേല്‍ സഞ്ജയ് നഗര്‍ എന്ന വ്യക്തിയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് പരാതികളിന്മേലാണ് അറസ്റ്റ്. കലാപമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നതിന് ക്രിമിനല്‍ ഗൂഢാലോചന, സൈബര്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് കേസെടുത്തത്. അതേസമയം, മഹേഷിനെ അറസ്റ്റ് ചെയ്തതിനെതിരെ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ അടക്കമുളളവര്‍ രംഗത്തെത്തിയിട്ടുണ്ട്.