കാലിക്കറ്റില്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ കാലതാമസം

നിശ്ചയിച്ച സമയത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നില്ല
Posted on: March 30, 2018 6:01 am | Last updated: March 30, 2018 at 12:08 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് അപേക്ഷാ സമര്‍പ്പണ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍വത്കരിച്ചെങ്കിലും ഉദ്യോഗസ്ഥ തലത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നതില്‍ കാലതാമസം വരുത്തുന്നതായി പരാതിയുയരുന്നു. പരീക്ഷാഭവനിലെ ബന്ധപ്പെട്ട സെക്ഷനില്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാത്തതും അസ്സല്‍ സര്‍ട്ടിഫിക്കറ്റ് വിതരണ നടപടികള്‍ താളം തെറ്റിക്കുകയാണ്.

ബി എ, ബി കോം, ബി എസ് സി, ബി ബി എ ബിരുദ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഒന്നര മാസം മുമ്പാണ് ഓണ്‍ലൈന്‍വത്കരിച്ചത്. ബി എഡ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍വത്കരണ നടപടികള്‍ പുരോഗമിക്കുകയാണ്. ബി ടെക്, പി ജി അസ്സല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കാനുള്ള തയാറെടുപ്പിലാണ് സര്‍വകലാശാല.

അതേസമയം, കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ച് തുടര്‍പഠനത്തിനും വിദേശരാജ്യങ്ങളിലടക്കം ജോലിക്കുമായി കാത്തിരിക്കുന്നവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ വൈകുന്നത് ഏറെ പ്രയാസമാകുകയാണ്. 2500 രൂപയോളം സ്‌പെഷ്യല്‍ ഫീസ് ഈടാക്കി സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ അനുവദിക്കുമ്പോള്‍ അര്‍ജന്റ് ഫീസ് അടച്ച് കാത്തിരിക്കുന്നവര്‍ക്ക് സര്‍വകലാശാല നിശ്ചയിച്ച സമയത്തിന് ശേഷം പോലും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്ത സ്ഥിതിയാണ്. ഡോ. എം അബ്ദുല്‍സലാം വൈസ് ചാന്‍സലറായിരുന്ന കാലത്താണ് സ്‌പെഷ്യല്‍ ഫീസ് ഈടാക്കി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചു തുടങ്ങിയത്. ഈ ഇനത്തില്‍ സര്‍വകലാശാലക്ക് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് രൂപയാണ് ലഭിച്ചത്. എന്നാല്‍ ഇതോടെ അര്‍ജന്റ് ഫീസടച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വകലാശാല ഔദ്യോഗികമായി അറിയിച്ച സമയത്തിന് ശേഷവും ലഭ്യമാകാത്ത സ്ഥിതിയാകുകയായിരുന്നു. ഇതിന് പുറമെ ഉദ്യോഗസ്ഥ തലത്തിലെ മെല്ലെപ്പോക്കും സമയബന്ധിതമായ സര്‍ട്ടിഫിക്കറ്റ് വിതരണത്തിന് വിഘാതം സൃഷ്ടിക്കുകയാണ്.

വൈസ് ചാന്‍സലറുടെ ഓഫീസില്‍ നിന്നുള്ള ശക്തമായ ഇടപെടല്‍ ഇല്ലാത്തതും പരീക്ഷാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശ്രദ്ധക്കുറവുമാണ് ഇത്തരമൊരു അവസ്ഥക്ക് കാരണം. വിദേശത്ത് ജോലിചെയ്യുന്ന വ്യക്തിക്ക് വൈസ് ചാന്‍സലറുടെ ഒപ്പും സീലുമില്ലാതെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതും ചോദ്യപേപ്പര്‍ കെട്ട് മാറി പൊട്ടിച്ചതു കാരണം പരീക്ഷാ മാറ്റിവെക്കേണ്ടി വന്നതും അടുത്തിടെയാണ്. ഈ സാഹചര്യത്തിലാണ് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസത്തെച്ചൊല്ലിയും പരാതി ഉയരുന്നത്.