കേരള താരം രോഹന്‍ പ്രേമിനെതിരെ കേസ്

Posted on: March 30, 2018 6:14 am | Last updated: March 29, 2018 at 11:19 pm

തിരുവനന്തപുരം: കേരള രഞ്ജി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരവുമായ രോഹന്‍ പ്രേമിനെ ഏജീസ് ഓഫീസ് ഓഡിറ്റര്‍ തസ്തികയില്‍നിന്ന് പിരിച്ചുവിട്ടു. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി നേടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഏജീസ് ഓഫീസ് അധികൃതര്‍ നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് രോഹനെതിരേ കേസെടുത്തു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിയില്‍ പ്രവേശിച്ചതിനും വഞ്ചനാക്കുറ്റത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍നിന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏജീസ് ഓഫീസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മറുപടിക്ക് താരം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് നടപടി. ഒരു വര്‍ഷത്തിലേറെ ഓഡിറ്റര്‍ തസ്തികയില്‍ ജോലി ചെയ്ത രോഹനെ ആറ് മാസം മുമ്പാണ് പിരിച്ചുവിട്ടത്. കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.