Connect with us

National

ജിസാറ്റ് 6 എ വിക്ഷേപണം വിജയകരം

Published

|

Last Updated

ശ്രീഹരിക്കോട്ടയില്‍ നിന്ന് പറന്നുയരുന്ന ജിസാറ്റ് 6 എ ഉപഗ്രഹം

ഹൈദരാബാദ്: മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ രംഗത്ത് കുതിച്ചുചാട്ടത്തിന് ഉപകരിക്കുന്ന ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ജി എസ് എല്‍ വി എഫ് 08 ആണ് ഉപഗ്രഹവുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചത്. വിക്ഷേപണം വിജയകരമായിരുന്നെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രകാരന്മാരെ അദ്ദേഹം അഭിനന്ദിച്ചു.

മൊബൈല്‍ വാര്‍ത്താ വിനിമയ രംഗത്ത് നിലവില്‍ പ്രയോജനപ്പെടുത്തി വരുന്ന ജിസാറ്റിനെ മറികടക്കുന്ന അതിനൂതന സാങ്കേതിക വിദ്യകളാണ് ജിസാറ്റ് 6 എയില്‍ ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് 2015 ആഗസ്റ്റില്‍ വിക്ഷേപിച്ച ജിസാറ്റ് 6 ഇപ്പോഴും വിനിമയ രംഗത്ത് സജീവമാണ്. എസ് ബാന്‍ഡ്, സി ബാന്‍ഡ് മൊബൈല്‍ വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിയുന്നതാണ് ജിസാറ്റ് 6 എ. സൈന്യം ഉപയോഗിക്കുന്ന ഹാം റേഡിയോകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഈ ഉപഗ്രഹം പ്രയോജനപ്പെടുത്തും.

ഇന്നലെ വൈകുന്നേരം 4.56 നാണ് ജിസാറ്റ് 6 എ ഉപഗ്രഹവുമായി ജി എസ് എല്‍ വി എഫ് 08 പറന്നുയര്‍ന്നത്. 5.02ന് ആദ്യ ഘട്ട ജ്വലനം സ്ഥിരീകരിച്ചു. 5.13ന് വിക്ഷേപണ വാഹനത്തില്‍ നിന്ന് ഉപഗ്രഹം വേര്‍പെട്ടു. 5.25ഓടെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായെന്ന് സതീഷ് ധവാന്‍ ബഹിരാകാശ നിലയം ഡയറക്ടര്‍ എസ് സോമനാഥ് അറിയിച്ചു. വിക്ഷേപണത്തിന്റെ 17ാം മിനുട്ടില്‍ തന്നെ ഉപുഗ്രഹം ഭ്രമണപഥത്തില്‍ പ്രവേശിച്ചു.
ജിസാറ്റ് പരമ്പരയിലെ 13ാം വിക്ഷേപണമാണ് ഇന്നലെ നടന്നത്. 415.6 ടണ്‍ ഭാരവും 49.1 മീറ്റര്‍ ഉയരവുമുള്ള ഈ ഉപഗ്രഹത്തിന്റെ ദൗത്യ കാലയളവ് പത്ത് വര്‍ഷമാണ്.