കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം

Posted on: March 29, 2018 7:17 pm | Last updated: March 30, 2018 at 10:42 am

പാലക്കാട് : പാലക്കാട് മുണ്ടൂരില്‍ കെ എസ് ആര്‍ ടി സി ബസ് തടഞ്ഞുനിര്‍ത്തി യുവാവ് ഡ്രൈവറെ ക്രൂരമായി ആക്രമിച്ചു. യാത്രക്കാര്‍ നോക്കിനില്‍ക്കേയായിരുന്നു മര്‍ദനം. യുവാവിന്റെ അടിയേറ്റ് ചോര തുപ്പിയ ഡ്രൈവര്‍ അബുബക്കറിനെ മണ്ണാര്‍ക്കാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വിവാഹ സംഘത്തിന്റെ വാഹനവുമായി ഓവര്‍ടേക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. ഡ്രൈവറുടെ സീറ്റിലേക്ക് കയറിയ 25 വയസ്സ് തോന്നിക്കുന്ന അക്രമി പ്രായംചെന്ന െ്രെഡവറെ പൊതിരെ തല്ലുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കണ്ടക്ടര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവറുടെ ഭാഗത്തേക്ക് കയ്യെത്താതിനാല്‍ സാധിച്ചിരുന്നില്ല. ഡ്രൈവറുടെ മൂക്കില്‍ നിന്നും വായയില്‍ നിന്നും ചോര വരുന്നതും കാണാം. ഗുരുതര പരുക്കേറ്റ ഡ്രൈവര്‍ അബൂബക്കര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട്‌കോഴിക്കോട് റൂട്ടില്‍ പോയ ബസാണ് പന്നിയംപാടത്ത് തടഞ്ഞുവെച്ച് ആക്രമിച്ചത്. മൂന്നുപേരാണ് മര്‍ദിച്ചതെന്ന് ഡ്രൈവര്‍ പറഞ്ഞു. മര്‍ദനം വാഹനത്തില്‍ ബസ് തട്ടിയെന്നാരോപിച്ചാണ്. ബസ് തട്ടിയത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഡ്രൈവര്‍ വ്യക്തമാക്കി.

ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് കെ എസ് ആര്‍ ടി സി. എം ഡി എ ഹേമചന്ദ്രന്‍ പാലക്കാട് എസ്പിക്ക് നിര്‍ദേശം നല്‍കി.