Connect with us

Sports

ഇങ്ങനെയൊക്കെ ചെയ്യാമോ

Published

|

Last Updated

മാഡ്രിഡ്: 2014 ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരം. അതിഥേയരായ ബ്രസീലും ജര്‍മനിയും ഏറ്റുമുട്ടുന്നു. അന്ന് ബ്രസീല്‍ കളിയാരാധകരെ കണ്ണീരിലാഴ്ത്തി ജര്‍മനി ബ്രസീലിനെ തകര്‍ത്തു തരിപ്പണമാക്കി. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്!! ആ ആഘാതത്തിന്റെ മുറിവുണങ്ങാന്‍ കാലങ്ങളെടുത്തു ബ്രസീലിന്.

ബ്രസീലിന്റെ വിധി ഇത്തവണ പിണഞ്ഞിരിക്കുകയാണ് ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനക്ക്. ലോകകപ്പല്ല, സൗഹൃദ മത്സരമാണെന്ന എന്ന വ്യത്യാസമുണ്ടെന്ന് മാത്രം. സൗഹൃദ മത്സരമാണെന്ന ഭാവം നടിക്കാതെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ അര്‍ജന്റീനയെ തകര്‍ത്തു വിട്ടത്. റയല്‍ മാഡ്രിഡ് താരം ഇസ്‌കോയുടെ ഹാട്രിക്ക് മികവില്‍ കാളപ്പോരിന്റെ നാട്ടുകാര്‍ അര്‍ജന്റീനയെ കുത്തിവീഴ്ത്തി.

ഡിയാഗോ കോസ്റ്റ, തിയാഗോ അല്‍സന്റാര, അസ്പാസ് എന്നിവരും സ്‌പെയിനായി ലക്ഷ്യം കണ്ടു. നക്കോളാസ് ഓടമെന്‍ഡിയാണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ഇറ്റലിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ അര്‍ജന്റീനയെ സ്‌പെയിന്‍ വരിഞ്ഞുമുറുക്കുകയായിരുന്നു.

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, സെര്‍ജിയോ അഗ്യുറോ, എയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയവരില്ലാതെ ഇറങ്ങിയ അര്‍ജന്റീനക്ക് 12ാം മിനുട്ടില്‍ തന്നെ ആദ്യ പ്രഹരമേറ്റു. ഡിയാഗോ കോസ്റ്റയുടെ ഗോളില്‍ സ്‌പെയിന്‍ മുന്നില്‍. 27ാം മിനുട്ടില്‍ ഇസ്‌കോ ലീഡുയര്‍ത്തി. 39ാം മിനുട്ടില്‍ ഓടാമെന്‍ഡിയിലൂടെ അര്‍ജന്റീന തിരിച്ചടിച്ചു. സ്‌കോര്‍: 2-1.

മത്സരം വീക്ഷിക്കുന്ന മെസി

എന്നാല്‍, രണ്ടാം പകുതിയില്‍ സ്‌പെയിന്‍ നിറഞ്ഞാടിയതോടെ അര്‍ജന്റീനയുടെ വലയില്‍ വീണത് നാല് ഗോളുകള്‍. 52ാം മിനുട്ടില്‍ ഇസ്‌കോ, മൂന്ന് അല്‍സന്റാര, 73ാം മിനുട്ടില്‍ അസ്പാസ്. 74ാം മിനുട്ടില്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കി ഇസ്‌കോ അര്‍ജന്റീനക്ക് മേല്‍ അവസാന ആണിയുമടിച്ചു. തന്റെ ടീം കനത്ത തോല്‍വിയേറ്റു വാങ്ങുന്നത് നേരിട്ട് കണ്ട മെസി തലതാഴ്ത്തിയിരുന്നു. മസിലിനേറ്റ പരുക്കാണ് മെസിക്ക് ഇറ്റലിക്കും സ്‌പെയിനുമെതിരായ മത്സരം നഷ്ടമാക്കിയത്.

സ്‌ട്രൈക്കര്‍ ഹിഗ്വെന്‍ നിറം മങ്ങിയതും അര്‍ജന്റീനക്ക് തിരിച്ചടിയായി. അര്‍ജന്റീന ജേഴ്‌സിയില്‍ തന്റെ രണ്ടാം മത്സരം മാത്രം കളിച്ച ചെല്‍സിയുടെ മുപ്പത്താറുകാരനായ ഗോള്‍ കീപ്പര്‍ വില്ലി കബലെറോക്ക് വന്‍ പരാജയമായി. ഇതു മൂന്നാം തവണയാണ് അര്‍ജന്റീന ആറു ഗോള്‍ തോല്‍വി ഏറ്റുവാങ്ങുന്നത്. നേരത്തേ 1958ലെ ലോകകപ്പില്‍ ചെക്കോസ്ലൊവാക്യയോടും 2010ലെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളീവിയയോടും 1-6ന് അര്‍ജന്റീന പരാജയപ്പെട്ടിരുന്നു.

ബ്രസീല്‍ 1 ജര്‍മനി- 0

കഴിഞ്ഞ ലോകകപ്പിലെ വമ്പന്‍ തോല്‍വിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബ്രസീലിന് ജയം. ജര്‍മിനിയെ എതിരില്ലാത്ത ഒരു ഗോളിലാണ് ബ്രസീല്‍ കീഴടക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റി മുന്നേറ്റ താരം ഗബ്രിയേല്‍ ജീസസാണ് ബ്രസീലിന്റെ രക്ഷകനായത്. 37ാം മിനുട്ടിലാണ് താരം ഗോള്‍ കണ്ടെത്തിയത്. വില്ല്യന്റെ ക്രോസില്‍ ഹെഡ്ഡറിലൂടെയാണ് ജീസസ് വലകുലുക്കിയത്. നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മനിയുടെ പരാജയമറിയാതെയുള്ള 22 മത്സരങ്ങളുടെ കുതിപ്പിന് ഇതോടെ അന്ത്യമായി.
ബ്രസീലിനായി 15 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ജീസസിന്റെ ഒമ്പതാം ഗോളാണിത്. കഴിഞ്ഞ മത്സരത്തില്‍ ബ്രസീല്‍ ലോകകപ്പിന്റെ ആതിഥേയരായ റഷ്യയെ പരാജയപ്പെടുത്തിയിരുന്നു. ബോള്‍ ആതിപത്യത്തിലും ആക്രമണത്തിലും പ്രതിരോധത്തിലുമെല്ലാം ബ്രസീല്‍ മികച്ചു നിന്നു. ഫിനിഷിംഗിലെ പോരായ്മയാണ് ജര്‍മനിക്ക് തിരിച്ചടിയായത്.

ഇംഗ്ലണ്ട്- 1 ഇറ്റലി- 1

യൂറോപ്യന്‍ വമ്പന്മാരായ ഇംഗ്ലണ്ട്- ഇറ്റലി പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 26ാം മിനിറ്റില്‍ ജാമി വാര്‍ഡിയുടെ ഗോളില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. 87ാം മിനുട്ടില്‍ ലോറന്‍സോ ഇന്‍സൈന്റെ പെനാല്‍റ്റി ഗോളാണ് ഇറ്റലിയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. 2017 മാര്‍ച്ച് 26ന് ശേഷം ഇതാദ്യമായാണ് വാര്‍ഡി ഇംഗ്ലണ്ടിനായി ഗോള്‍ നേടുന്നത്. ഇംഗ്ലണ്ടിന്റെ റഹീം സ്‌റ്റെര്‍ലിംഗ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ട് ഹോളണ്ടിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ഇറ്റലി അര്‍ജന്റീനയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.

മറ്റു പ്രധാന സൗഹൃദ മത്സരങ്ങളില്‍ ഫ്രാന്‍സ് 3-1ന് റഷ്യയെയും ബെല്‍ജിയം 4-0ന് സൗദി അറേബ്യയെയും പരാജയപ്പെടുത്തി. എംബപ്പെയുടെ ഇരട്ട ഗോള്‍ മികവിലാണ് ഫ്രാന്‍സിന്റെ കുതിപ്പ്. 40, 83 മിനുട്ടുകളിലാണ് താരം സ്‌കോര്‍ ചെയതത്. 49ാം മിനുട്ടില്‍ പോള്‍ പോഗ്‌ബെ മൂന്നാം ഗോള്‍ നേടി. 68ാം മിനുട്ടില്‍ സ്‌മോളോവ് റഷ്യയുടെ ആശ്വാസ ഗോള്‍ നേടി.

റൊമേലു ലൂക്കാക്കുവിന്റെ ഇരട്ട ഗോളുകളാണ് ബെല്‍ജിയത്തിന് മിന്നും ജയം സമ്മാനിച്ചത്. 13, 39 മിനുട്ടുകളിലാണ് താരം ലക്ഷ്യം കണ്ടത്. 77ാം മിനുട്ടില്‍ മിച്ചി ബറ്റ്ഷുയി, 78ാം മിനുട്ടില്‍ കെവിന്‍ ഡിബ്രുയന്‍ എന്നിവര്‍ പട്ടിക പൂര്‍ത്തിയാക്കി. സ്വിറ്റ്‌സര്‍ലാന്‍ഡ് 6-0ന് പാനമയെയും ഉക്രൈന്‍ 2-1ന് ജപ്പാനെയും തോല്‍പ്പിച്ചു.