SIRAJLIVE.COM NEWSLIGHT ON 27-03-2018

Posted on: March 28, 2018 12:26 am | Last updated: March 28, 2018 at 12:26 am
SHARE


സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ നീക്കം തുടങ്ങി. എംപിമാരുടെ ഒപ്പ് ശേഖരണം ആരംഭിച്ചിട്ടുണ്ട്. 50 എംപിമാര്‍ എങ്കിലും ഒപ്പുവെച്ചെങ്കില്‍ മാത്രമേ പ്രമേയം സഭയില്‍ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞയാഴ്ച ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലാണ് ഇംപീച്ച്‌മെന്റ് നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനമായത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം തുടങ്ങി പ്രതിപക്ഷ കക്ഷികള്‍ക്ക് എല്ലാം ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണെന്നാണ് വിവരം. സുപ്രീം കോടതിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് അനുകൂല നീക്കങ്ങള്‍ ഇല്ലാത്തതാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

കെ എസ് ആര്‍ ടി സിക്ക് കനത്ത തിരിച്ചടിയായി ഹൈക്കോടതി വിധി. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്, ലക്ഷ്വറി ബസുകളില്‍ ഇനി യാത്രക്കാരെ നിര്‍ത്തരുതെന്ന് കോടതി ഉത്തരവിട്ടു. അതിവേഗ ബസുകളില്‍ സീറ്റുകള്‍ക്ക് അനുസരിച്ചേ ഇനി യാത്രക്കാരെ പ്രവേശിപ്പിക്കാവൂവെന്ന് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഗരുഡ മഹാരാജ, മിന്നല്‍, ഡീലക്‌സ്, എക്‌സ്പ്രസ്സ് എന്നിവ കൂടാതെ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്കും ഉത്തരവ് ബാധകമാണ്. കെ എസ് ആര്‍ ടി സിയെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിക്കുന്നതാണ് കോടതി വിധിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ കണ്‍സ്യൂമേഴ്‌സ് എന്ന സംഘടന നല്‍കിയ ഹരജിയിലാണ് നടപടി.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12ന് ഒറ്റഘട്ടമായി നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒം പ്രകാശ് റാവത്ത് പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ മെയ് 15ന് നടക്കും. ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള ഉപതിരഞ്ഞെടുപ്പുകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. തീയതികള്‍ പ്രഖ്യാപിച്ചതോടെ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 28 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാനാകുക. പ്രചാരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

തിരഞ്ഞെടുപ്പു കമ്മീഷനു മുമ്പേ ബി ജെ പി നേതാവ് കര്‍ണാടക നിയമസഭാ വോട്ടെടുപ്പ് തീയതി ട്വീറ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണം. തിരഞ്ഞെടുപ്പു കമ്മിഷനിലെ മുതിര്‍ന്ന രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്തി അന്വേഷണ സമിതിയെ നിയോഗിച്ചതായി കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഒ പി റാവത്ത് വ്യക്തമാക്കി. ബി ജെ പി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പേ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ യദിയൂരപ്പാ സര്‍ക്കാറാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷാ. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അമിത്ഷാക്ക് നാക്ക്പിഴച്ചത്. അഴിമതി നിറഞ്ഞ സര്‍ക്കാര്‍ സിദ്ധരാമയ്യയുടേതാണെന്നാണ് പറയാന്‍ ഉദ്ദേശിച്ചതെങ്കിലും പറഞ്ഞത് യഡിയൂരപ്പ സര്‍ക്കാര്‍ എന്നായിപ്പോയി. ഉടനെ സമീപത്തിരുന്നയാള്‍ തിരുത്തിയെങ്കിലും സംഭവത്തിന്റെ വിഡിയോ നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. ബിജെപിക്കെതിരെ ആഞ്ഞടിക്കാന്‍ കിട്ടിയ അവസരമെന്ന നിലയില്‍ കോണ്‍ഗ്രസുകാര്‍ ഈ വിഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

 

ഫേസ്ബുക്ക് വിവരചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവാദത്തില്‍പെട്ട ലണ്ടനിലെ കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനിയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍. കേബ്രിഡ്ജ് അനലിറ്റിക്കക്ക് ഇന്ത്യയില്‍ ഓഫീസ് ഉണ്ടായിരുന്നുവെന്നും അവരുടെ സേവനം കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തിയിരിക്കാമെന്നും കമ്പനിയിലെ മുന്‍ റിസര്‍ച്ച് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വെയ്‌ലി പറഞ്ഞു. യുകെ പാര്‍ലിമെന്റിന്റെ പ്രത്യേക സമിതിക്ക് മുമ്പാകെയാണ് വെയ്‌ലി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇന്ത്യയില്‍ സിഎയുടെ സേവനം തേടിയിരുന്നത് കോണ്‍ഗ്രസാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഇന്ത്യയില്‍ പ്രാദേശിക തലത്തിലായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനമെന്നും വെയ്‌ലി വ്യക്തമാക്കി.

സംസ്ഥാനത്തെ ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചത്. മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം മുതലായ സൂചികകള്‍ കണക്കിലെടുത്താണ് നടപടി.

എം എല്‍ എമാരുടെയും മന്ത്രിമാരുടേയും ശമ്പളം വര്‍ധിപ്പിക്കാനുളള ബില്‍ നിയമസഭ പാസാക്കി. ശമ്പളം കൂട്ടുന്നതിനൊപ്പം നിയമസഭാ സമ്മേളനത്തിന് എത്താന്‍ വിമാനയാത്രകൂലി അനുവദിക്കാനും തീരുമാനമായി. ഒരുവര്‍ഷം 50,000 രൂപവരെ വിമാനക്കൂലി വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് നിയമ സഭ പാസാക്കിയത്. എംഎല്‍മാരുടെ ശമ്പളം 35900 രൂപയില്‍ നിന്ന് 70,000 രൂപയായാണ് വര്‍ധിക്കുന്നത്. മന്ത്രിമാരും പ്രതിപക്ഷ നേതാവും അടക്കം ക്യാബിനറ്റ് റാങ്കിലുള്ളവരുടെ ശമ്പളം 55000 രൂപയില്‍ നിന്ന് 90000 രൂപയായി വര്‍ധിക്കും. ശമ്പള വര്‍ധനയിലൂടെ സംസ്ഥാനസര്‍ക്കാറിന് 44 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുക.

സിസ്റ്റര്‍ അഭയ കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളി. പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തിയിട്ടില്ലാത്തതിനാല്‍ വിചാരണ നിര്‍ത്തിവെക്കേണ്ട സാഹചര്യമില്ലെന്ന് സി ബി ഐ അഭിഭാഷകന്റെ വാദത്തെ തുടര്‍ന്നാണ് നടപടി. പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്. ഇവര്‍ നേരത്തെ സമര്‍പ്പിച്ച വിടുതല്‍ ഹരജി തിരുവനന്തപുരം സി ബി ഐ കോടതി തള്ളിയിരുന്നു.

ആതിഥേയരായ പശ്ചിമ ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിനു മറികടന്നു കേരളം സന്തോഷ് ട്രോഫിയില്‍ ഗ്രൂപ്പ് ചാംപ്യന്മാരായി. നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്ന കേരളം തുടര്‍ച്ചയായ നാലാം വിജയത്തോടെയാണ് ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തിയത്. മത്സരം സമനിലയിലേക്ക് നീങ്ങവെ രാഹുല്‍ നേടിയ വിജയഗോളിലാണ് കേരളം പശ്ചിമ ബംഗാളിനെ മറികടന്നത്. ഇടതു വിങ്ങില്‍ നിന്ന് ജിതിന്‍ നല്‍കിയ പാസ്സില്‍ നിന്നായിരുന്നു രാഹുലിന്റെ ഗോള്‍. ഗ്രൂപ്പിലെ നാലു മത്സരങ്ങളും ജയിച്ച കേരളത്തിന് 12 പോയിന്റാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here