അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ സലാം മുസ്‌ലിയാര്‍ ഇനി ഓര്‍മ

Posted on: March 28, 2018 6:05 am | Last updated: March 27, 2018 at 11:57 pm
SHARE

കോഴിക്കോട്: അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ സലാം മുസ്‌ലിയാര്‍ക്ക് വിട. ഖുര്‍ആന്‍ പ്രഭയില്‍ നാടുകള്‍ ചുറ്റിസഞ്ചരിച്ച മലോറം കിളയില്‍ വീട്ടില്‍ സലാം മുസ്‌ലിയാര്‍ ജ്ഞാനസമ്പാദനത്തിന്റെ മഹിത മാതൃകയായിരുന്നു. പണ്ഡിതന്മാരുമായും സാധാരണക്കാരുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹത്തിന് നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു. അന്ധരില്‍ പലരും ജീവിതം നെയ്യാന്‍ തെരുവോരങ്ങളില്‍ പാട്ടുപാടുമ്പോള്‍ ഖുര്‍ആന്‍ തന്നെയായിരുന്നു സലാം മുസ്‌ലിയാര്‍ക്ക് ജീവിതം. കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും അദ്ദേഹം യാത്ര ചെയ്യുന്നത് ഖുര്‍ആനിന്റെ വെളിച്ചത്തിലാണ്. ഉള്ളില്‍ ആളിക്കത്തിയ ഖുര്‍ആന്‍ വെളിച്ചം അദ്ദേഹത്തിന്റെ മതചിട്ടകള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നിട്ടേ ഉള്ളൂ.

കാല്‍നൂറ്റാണ്ട് മുമ്പ് ഖുര്‍ആന്‍ ലോകത്തേക്ക് അദ്ദേഹം എത്തിപ്പെടുന്നത് യാദൃച്ഛികമായാണ്. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് കാന്തപുരം ഉസ്താദും. മര്‍കസ് ശരീഅത്ത് കോളജില്‍ പഠിക്കുമ്പോഴാണ് കാന്തപുരം ഉസ്താദിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം മര്‍കസ് ഹിഫഌല്‍ ഖുര്‍ആനില്‍ ചേരുന്നത്. 1992ലെ 13 പേരടങ്ങുന്ന ഹിഫഌല്‍ ഖുര്‍ആന്‍ ആദ്യ ബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം. കാഴ്ചയുള്ളവരില്‍ പലരും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാന്‍ മൂന്നും നാലും വര്‍ഷമെടുക്കുമ്പോ ള്‍ ഒരു വര്‍ഷം കൊണ്ടാണ് അദ്ദേഹം ഖുര്‍ആന്‍ മനഃപാഠമാക്കിയത്. ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, അഹമ്മദ് ഷാ ഉസ്താദ് ആലപ്പുഴ, ഖാരിഅ് ഹസന്‍ മുസ്‌ലി യാര്‍ എന്നിവരായിരുന്നു ഉസ്താദുമാര്‍. പഠനം കഴിഞ്ഞിറങ്ങിയ സലാം മുസ്‌ലിയാര്‍ ഉസ്താദിനെ കാണാന്‍ ഇടക്കിടെ മര്‍കസില്‍ എത്തുമായിരുന്നു. ഉസ്താദിന്റെ സ്‌നേഹസാമീപ്യം തനിക്ക് എന്നും തണലായിരുന്നുവെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. മിക്ക ചൊവ്വാഴ്ചകളും അദ്ദേഹം മര്‍കസിലെത്താറുണ്ടായിരുന്നു. ഇന്നലെ മര്‍കസിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അന്ത്യം. പിന്നീട് മയ്യിത്ത് മര്‍കസിലെത്തിച്ച് നിസ്‌കാരം നടത്തിയത് തികച്ചും യാദൃച്ഛികം.

ഓരോ ദിവസവും സലാം മുസ്‌ലിയാരുടെ ഖുര്‍ആന്‍ അധ്യാപനം തുടങ്ങുന്നത് വീട്ടില്‍ നിന്നാണ്. അന്ധരായ മൂന്ന് മക്കള്‍ (മൂത്തമകന്‍ എല്‍ എല്‍ ബി പഠിക്കുന്ന മുഹമ്മദ് സ്വാലിഹ്, ടി ടി സി, ഡിഗ്രി പഠനം നടത്തുന്ന ആഇശ ബീവിയും ഉമ്മുകുല്‍സുവും) ബ്രെയില്‍ ലിപിയിലുള്ള ഖുര്‍ആന്‍ പാരായണം ചെയ്യും. സലാം മുസ്‌ലിയാര്‍ തെറ്റ് തിരുത്തും. സലാം മുസ്‌ലിയാരുടെ ഖുര്‍ആന്‍ മികവ് ആസ്വദിച്ചവര്‍ ഏറെയുണ്ട്. വീട്ടില്‍ സുബ്ഹി നിസ്‌കാരത്തിന് ശേഷം അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണം നാട്ടുകാരുടെ ശീലമായിട്ട് വര്‍ഷങ്ങളായി. കുടുംബത്തിന്റെ അത്താണിയായ സലാം മുസ്‌ലിയാര്‍ വിടപറഞ്ഞതോടെ ഈ നിര്‍ധന കുടുംബത്തിന്റെ ജീവിതം ഇനിയെങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നു.