60 കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍

Posted on: March 27, 2018 6:22 am | Last updated: March 27, 2018 at 12:36 am
SHARE
പിടിച്ചെടുത്ത കഞ്ചാവ്

തിരൂരങ്ങാടി: ആന്ധ്രയില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ വിതരണത്തിനായി കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശിയായ യുവതിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാജക്കാട് സ്വദേശി കാത്തീരം തടത്തില്‍ വീട്ടില്‍ അഖില്‍ എന്ന കീരി (23), ആന്ധ്ര റംബചോട വാരം റെഡി പേട്ടയില്‍ ചെല്ലൂരി ശ്രീനിവാസ് (22), ആന്ധ്ര റംബചോട വാരം റെഡി പേട്ടയില്‍ നാഗദേവി (22) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം തിരൂരങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ വെന്നിയൂരില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് ആന്ധ്രയില്‍ നിന്നും മത്സ്യ ലോറിയില്‍ അഞ്ച് കിലോ കഞ്ചാവ് കടത്തിയ മൂന്നംഗ സംഘത്തെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ ഇവര്‍ക്ക് കഞ്ചാവ് നല്‍കുന്ന മാഫിയയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിരുന്നു. അന്വേഷണ സംഘം നടത്തിയ തന്ത്രപരമായ നീക്കമാണ് ഇവരെ വലയില്‍ വീഴ്ത്തിയത്. കേരളത്തിലെ കഞ്ചാവിന്റെ മൊത്ത വിതരണക്കാരെന്ന രീതിയില്‍ ബന്ധപ്പെടുകയും ആന്ധ്രയിലേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് മഞ്ചേരി എസ് ഐ. ജലീലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം വേഷംമാറി ആന്ധ്രയിലെ വിജയവാഡയില്‍ എത്തി ഇടുക്കി രാജക്കാട് സ്വദേശി അഖിലുമായി ബന്ധപ്പെട്ടു. കേരളത്തില്‍ കഞ്ചാവ് എത്തിച്ചാല്‍ മുഴുവന്‍ പണവും അവിടെ വെച്ചു തരാമെന്ന് പറഞ്ഞു. തുടര്‍ന്ന് അഖില്‍ അന്വേഷണ സംഘത്തേയുംകൂട്ടി ഇടനിലക്കാരുമായി വിലപേശി കരാര്‍ ഉറപ്പിച്ചു. പിന്നീട് മാവോയിസ്റ്റ് സ്വാധീനമുള്ള മേഖലയായ സീഡി ഗുണ്ടയില്‍ എത്തി. മാവോയിസ്റ്റുകളാണ് കഞ്ചാവ് കൃഷി ചെയ്ത് അവിടെ എത്തിക്കുന്നത്. അവരുടെ നേതാവിനെ കണ്ട് കരാര്‍ ഉറപ്പിച്ചു.

കേരളത്തിലേക്ക് എത്തിച്ചു തരാമെന്ന ഉറപ്പിന്‍മേല്‍ അന്വേഷണ സംഘം ഇവരെ സ്ഥിരമായി ബന്ധപ്പെടുന്നവരെക്കുറിച്ച് മനസിലാക്കി. കഞ്ചാവ് കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങളെക്കുറിച്ചും മനസിലാക്കിയിരുന്നു. പല സ്ഥലങ്ങളിലായി തിരിഞ്ഞ് അന്വേഷണ സംഘം നടത്തിയ നീക്കത്തില്‍ ആന്ധ്രയില്‍ നിന്നും ഒരു സംഘം കഞ്ചാവുമായി കേരളത്തിലേക്ക് വന്നിട്ടുണ്ടെന്ന രഹസ്യവിവരം കിട്ടി. കഴിഞ്ഞ ദിവസം വൈകുന്നേരം ദേശീയ പാതയില്‍ വെന്നിയൂരില്‍ വെച്ച് പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ കേരളത്തിലെ വിവിധ ജില്ലകളിലെ മൊത്ത വിതരണക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നത് ഇടുക്കി സ്വദേശി അഖിലാണെന്ന് വ്യക്തമായി. പ്രതികളെ വടകര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. ഇതോടെ ഈ മാസത്തിനുള്ളില്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം പിടികൂടിയ ആളുകളുടെ എണ്ണം 25 ആയി. ആറ് കിലോ കെറ്റാമിന്‍, 750 ഗ്രാം എം ഡി എം, 250 ഗ്രാം ബ്രൗണ്‍ഷുഗര്‍, നൈട്രോ സിപാം ഗുളികകള്‍, 80 കിലോ കഞ്ചാവ് എന്നിവ വിവിധ സംഘങ്ങളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി വൈഎസ്പി ജലീല്‍ തോട്ടത്തില്‍, തിരൂരങ്ങാടി സി ഐ സുനില്‍, എസ് ഐ വിശ്വനാഥന്‍ കാരയിന്‍, മഞ്ചേരി എസ് ഐ. കെ ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുല്‍ അസീസ്, സത്യനാഥന്‍ മന്നാട്ട്, ശശി കുണ്ടറക്കാട്, പി സജിപ്, മുഹമ്മദ് സലീം, വിജയന്‍, സുരേഷന്‍, മനോജ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.