കീഴാറ്റൂരില്‍ ആകാശപ്പാത; മുഖ്യമന്ത്രി കേന്ദ്ര ഗതാഗത മന്ത്രിയെ കാണും

Posted on: March 26, 2018 5:03 pm | Last updated: March 26, 2018 at 7:54 pm

കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസ് വിരുദ്ധ സമരം ശക്തമാകുന്നതിനിടയില്‍ എലിവേറ്റഡ് ഹൈവേ (ആകാശപാത)യുടെ സാധ്യത തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ കാണും. ഇതിനായി മുഖ്യമന്ത്രി സമയം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബുധനാഴ്ച മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തുമെന്നും അറിയുന്നു.

കീഴാറ്റൂരില്‍ വയല്‍കിളികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പ്രതിപക്ഷ കക്ഷികള്‍ എല്ലാം പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രശ്‌നപരിഹാരം തേടി ഡല്‍ഹിയിലേക്ക് പോകുന്നത്. കീഴാറ്റൂരിലൂടെ നിര്‍മിക്കുന്നത് ദേശീയ പാതയായതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയപാത അതോറിറ്റിയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ഏറെ പ്രസക്തിയുണ്ട്.

വയലുകള്‍ നികത്താതെ പാലം നിര്‍മിച്ച് ദേശീയ പാത കൊണ്ടുപോകാം എന്ന നിര്‍ദേശത്തെ പക്ഷേ വയല്‍കിളികള്‍ പിന്തുണക്കുന്നില്ല. എല്ലാ ബദല്‍ വഴികളും അടഞ്ഞാല്‍ മാത്രമേ വയല്‍ വഴി ആകാശപ്പാത നിര്‍മിക്കാന്‍ അനുവദിക്കുകയുള്ളൂ എന്നതാണ് വയല്‍കിളികളുടെ നിലപാട്.