ആതിരയുടെ കൊലപാതകം: അച്ഛന് എതിര്‍പ്പുണ്ടായിരുന്നുവെന്ന് വിവാഹം നിശ്ചയിച്ചിരുന്ന യുവാവ്

Posted on: March 23, 2018 2:05 pm | Last updated: March 23, 2018 at 3:18 pm

അരീക്കോട്: തങ്ങളുടെ പ്രണയബന്ധത്തില്‍ ആതിരയുടെ പിതാവ് രാജന് ആദ്യം മുതല്‍ക്കേ എതിര്‍പ്പുണ്ടായിരുന്നുവെന്ന് ആതിരയുമായി വിവാഹം നിശ്ചയിച്ചിരുന്ന ബ്രിജേഷ് പറഞ്ഞു. പിന്നീട് പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് പിതാവ് വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവാഹം നിശ്ചയിച്ചതിന് ശേഷവും ആതിരയുടെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായി. ഇതേ തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടില്‍ പോയി താമസിച്ചിരുന്നു. പിന്നീട് പോലീസ് സ്‌റ്റേഷനില്‍ പോയി സംസാരിച്ചു. വിവാഹം നടത്താനുള്ള തീയതി പോലും തീരുമാനിച്ചത് പോലീസായിരുന്നു. രജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞിട്ടില്ലെന്നും ബ്രിജേഷ് പറഞ്ഞു.

ദളിത് യുവാവിനെ വിവാഹം ചെയ്യാനുള്ള മകളുടെ തീരുമാനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പിതാവ് രാജന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. കീഴുപറമ്പ് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങല്‍ രാജന്‍ ആണ് മകള്‍ ആതിര രാജിനെ (21) കുത്തിക്കൊലപ്പെടുത്തിയത്. ആതിരയുടെ വിവാഹം ഇന്ന് അരീക്കോട് സാളിഗ്രാം ക്ഷേത്രത്തില്‍ നടക്കാനിരിക്കെയാണ് സംഭവം.