മിസോറം, കര്‍ണാടക ജയിച്ചു

Posted on: March 23, 2018 6:17 am | Last updated: March 23, 2018 at 12:24 am
SHARE
കര്‍ണാടകയുടെ അഗസ്റ്റിന്റെ മുന്നേറ്റം

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ മിസോറം എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഒഡിഷയെ തകര്‍ത്തു. മിസോറമിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. മറ്റൊരു മത്സരത്തില്‍ കര്‍ണാടക 4-1ന് ഗോവയെ പരാജയപ്പെടുത്തിക്കൊണ്ട് ആദ്യ മത്സരം അവിസ്മരണീയമാക്കി.
ഒഡിഷക്കെതിരെ മിസോറമിന് വേണ്ടി ലാല്‍ റൊമാവിയ ഇരട്ട ഗോളുകള്‍ നേടി. ലാല്‍ബിയാകുല, മാല്‍സാഡാംഗ്, ലാല്‍റിന്‍പുയ എന്നിവരും സ്‌കോര്‍ ചെയ്തു.

കര്‍ണാടക അറ്റാക്കിംഗ് മോഡിലാണ് മത്സരം ആരംഭിച്ചത്. ആറാം മിനുട്ടില്‍ ആദ്യ അവസരം. ഗോവന്‍ ഡിഫന്‍ഡര്‍മാരെ ഒന്നൊന്നായി മറികടന്ന് ഇടത് വിംഗിലൂടെ ബോക്‌സിനുള്ളിലേക്ക് രാജേഷ് കടന്നു. ശക്തമായൊരു ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക്.

പതിനഞ്ചാം മിനുട്ടില്‍ കര്‍ണാടകയുടെ രണ്ടാം അറ്റാക്കിംഗ്. സ്‌ട്രൈക്കര്‍ ലിറ്റന്‍ ഷില്‍ പക്ഷേ, പന്ത് വെച്ച് താമസിപ്പിച്ചു. ഗോവ ഡിഫന്‍ഡര്‍ ജെസീല്‍ കാര്‍നെയ്‌റോ പന്ത് ക്ലിയര്‍ ചെയ്ത് അപകടം ഒഴിവാക്കി. തുടര്‍ന്നും കര്‍ണാടക എതിര്‍ ഗോള്‍മുഖത്തേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു. ഇതിനിടെ, ഒഴുക്കിന് വിപരീതമായി ഗോവ ലീഡ് ഗോള്‍ നേടി.

കര്‍ണാടക പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ജോക്വം അബ്രാഞ്ചസിന്റെ ലോ ക്രോസ് ബോള്‍ കപിലിന്റെ മുന്നിലേക്ക്. ഗോളി ഷെയിന്‍ഖാനെ കീഴടക്കി പന്ത് വലയില്‍. ഇരുപത്താറാം മിനുട്ടില്‍ ഗോവ മുന്നില്‍. ഇത് കര്‍ണാടകയെ തളര്‍ത്തുകയല്ല, ഉണര്‍ത്തുകയാണ് ചെയ്തത്. തുടരെ അറ്റാക്കിംഗ്. വിഘ്‌നേഷും രാജേഷും ഇടതടവില്ലാതെ ബോക്‌സിലേക്ക് കയറി. പക്ഷ, ഗോവന്‍ ഡിഫന്‍സ് ഗംഭീരമായിരുന്നു. ആദ്യ പകുതിയില്‍ 1-0ന് പിരിഞ്ഞു.

രണ്ടാം പകുതിയില്‍ പന്ത് വിട്ടു നല്‍കാതെ കളിച്ച കര്‍ണാടക കുറേക്കൂടി പ്ലാനിംഗ് കാണിച്ചു. അളന്ന് തൂക്കിയ പാസുകള്‍, പന്തടക്കം, വ്യക്തിഗത പ്രകടനങ്ങള്‍, കര്‍ണാടക കളം വാഴാന്‍ തുടങ്ങി. അമ്പത്തിനാലാം മിനുട്ടില്‍ ക്യാപ്റ്റന്‍ വിഘ്‌നേഷിന്റെ ഗോളില്‍ സമനില. സുകേഷ് ലിയോനാണ് പാസ് നല്‍കിയത്.

അറുപത്തൊന്നാം മിനുട്ടില്‍ ലിറ്റന്റെ പാസില്‍ രാജേഷിന്റെ ഗോള്‍. 2-1ന് കര്‍ണാടക മുന്നില്‍. ഗോവ പാസിംഗ് ഗെയിം അവസാനിപ്പിച്ച് ലോംഗ് ബോള്‍ സെന്റര്‍ ലൈനില്‍ നിന്ന് നല്‍കിക്കൊണ്ട് തന്ത്രം മാറ്റി. ഇത് കര്‍ണാടകയുടെ കളിയൊഴുക്കിനെ ബാധിച്ചതേയില്ല. അറുപത്തൊമ്പതാം മിനുട്ടില്‍ ഗോവ സെല്‍ഫ് ഗോള്‍ വഴങ്ങി. സുകേഷിന്റെ ക്രോസ് തടയാനുള്ള ശ്രമത്തില്‍ മാത്യു ഗോണ്‍സാല്‍വസ് പന്ത് വലക്കുള്ളിലാക്കി. എണ്‍പത്തൊമ്പതാം മിനുട്ടില്‍ യുവതാരം ലിയോണ്‍ അഗസ്റ്റിന്‍ കര്‍ണാടകയെ വീണ്ടും മുന്നിലെത്തിച്ചു. ബെംഗളുരു എഫ് സിയുടെ റിസര്‍വ് താരമായ അഗസ്റ്റിന്‍ മിഡ്ഫീല്‍ഡില്‍ നിന്ന് പന്തുമായി ഒറ്റക്ക് കുതിച്ചാണ് ഗോള്‍ നേടിയത്. കര്‍ണാടക 24ന് ഒഡിഷയെ നേരിടും.