പോലീസ് ചോദ്യം ചെയ്യല്‍; ജീവിതം നരക തുല്യമെന്ന് ഫ്രഞ്ച് മുന്‍ പ്രസി. സര്‍ക്കോസി

Posted on: March 23, 2018 6:18 am | Last updated: March 22, 2018 at 11:24 pm

ട്രിപ്പോളി: ലിബിയന്‍ മുന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് നേരിടുന്ന നടപടികള്‍ ജീവിതം നരകതുല്യമാക്കിയെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി. എന്തെങ്കിലും വിധത്തിലുള്ള തെളിവുകളില്ലാതെയാണ് തനിക്ക് നേരെ ആരോപണങ്ങളുന്നയിക്കുന്നതെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു.

പോലീസ് ഈ ആഴ്ച രണ്ട് തവണയായി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഫ്രഞ്ച് ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന് മുമ്പില്‍ അദ്ദേഹം നല്‍കിയ മുഴുവന്‍ മൊഴികളും കഴിഞ്ഞ ദിവസം ലെ ഫിഗാറോ പ്രസിദ്ധീകരിച്ചിരുന്നു. തനിക്കെതിരെയുള്ള ആരോപണം വളരെ ഗുരുതരമാണെന്ന കാര്യം തനിക്കറിയാമെന്നും എന്നാല്‍, അവയെല്ലാം അവാസ്തവമാണെന്നും ഇതിന്റെ പേരില്‍ 2011 മാര്‍ച്ച് മുതല്‍ തന്റെ ജീവിതം നരകതുല്യമായി തുടരുകയാണെന്നും മൊഴിയില്‍ സര്‍ക്കോസി പറയുന്നു.