ജാമിഅക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിനെതിരെ കേന്ദ്രം

സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി
Posted on: March 22, 2018 6:23 am | Last updated: March 22, 2018 at 12:00 am

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ന്യൂനപക്ഷ സ്ഥാപനമായ ജാമിഅ മില്ലിയ ഇസ്‌ലാമിയക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്താണ് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന്‍ ജാമിഅ മില്ലിയക്ക് ന്യൂനപക്ഷ പദവി നല്‍കാന്‍ തീരുമാനിച്ചത്. 2011ല്‍ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കമ്മീഷന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഈ മാസം അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ജാമിഅ മില്ലിയ ന്യൂനപക്ഷ സ്ഥാപനമല്ലെന്നും പാര്‍ലിമെന്റ് ആക്ട് പ്രകാരം നിര്‍മിച്ച കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന സ്ഥാപനമാണെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ലിമെന്റ് നിയമ പ്രകാരം നിര്‍മിച്ച കേന്ദ്ര സര്‍വകലാശാലകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാനാകില്ലെന്ന് 1986 അസീസ്ഭാഷ- കേന്ദ്ര സര്‍ക്കാര്‍ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെയും ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് മോദി സര്‍ക്കാര്‍ ജാമിഅ മില്ലിയയുടെ ന്യൂനപക്ഷപദവിക്കെതിരെ കോടതിയില്‍ നിലപാടെടുത്തിരുന്നു.