Connect with us

International

മുന്‍ ചാരനെതിരെ വിഷപ്രയോഗം: റഷ്യക്കെതിരെ തെളിവില്ലെങ്കില്‍ ബ്രിട്ടന്‍ മാപ്പ് പറയണം: ക്രെംലിന്‍

Published

|

Last Updated

മോസ്‌കോ: മുന്‍ ചാര ഉദ്യോഗസ്ഥനും മകള്‍ക്കുമെതിരെ ബ്രിട്ടനില്‍ വെച്ചുണ്ടായ വിഷപ്രയോഗത്തില്‍ റഷ്യക്ക് പങ്കുണ്ടെങ്കില്‍ ബ്രിട്ടന്‍ തെളിവ് സമര്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം മാപ്പ് പറയണമെന്നും ക്രെംലിന്‍. ഒരു അടിസ്ഥാനവുമില്ലാത്ത ഈ ആരോപണത്തിന് ഉടനെയോ അധികം വൈകാതെയോ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. റഷ്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ബ്രിട്ടന്‍ കൊണ്ടുവരണം. അതല്ലെങ്കില്‍ ഒരു രാജ്യത്തിനെതിരെ നടത്തിയ അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പേരില്‍ മാപ്പ് ചോദിക്കണം- ക്രെംലിന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഞായറാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ പ്രസിഡന്റായി വീണ്ടും വഌദിമിര്‍ പുടിന്‍ തിരഞ്ഞെടുക്കപ്പെട്ടതിനെ സംബന്ധിച്ചും ഇത് വീണ്ടും പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുമോ എന്നതിനെ സംബന്ധിച്ചുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

റഷ്യക്ക് നേരെ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതിന് ബ്രിട്ടന് പ്രചോദനം നല്‍കിയ കാര്യമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് നാലിന് മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കുമെതിരെ ബ്രിട്ടനില്‍ വെച്ചുണ്ടായ വിഷപ്രയോഗത്തിന് പിന്നില്‍ റഷ്യയാണെന്ന ബ്രിട്ടന്റെ വാദത്തെ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും തള്ളിക്കളഞ്ഞിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്. 23 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഉത്തരവിട്ടിരുന്നു. ഇതിന് മറുപടിയായി ബ്രിട്ടന്റെ നയതന്ത്ര പ്രതിനിധികളെ റഷ്യയും പുറത്താക്കിയിരുന്നു. ബ്രിട്ടനിലെ ഒരു ലബോറട്ടറിയില്‍ നിന്നുള്ള വിഷമാണ് ചാരനും മകള്‍ക്കുമെതിരെ പ്രയോഗിച്ചതെന്ന് റഷ്യ ഇപ്പോള്‍ ആരോപിക്കുന്നുണ്ട്.

Latest