പറമ്പിക്കുളം; കേരളത്തിനുള്ള വെള്ളം തമിഴ്‌നാട് ഇന്ന് മുതല്‍ വെട്ടിച്ചുരുക്കും

Posted on: March 16, 2018 6:12 am | Last updated: March 16, 2018 at 12:13 am

പാലക്കാട്: പറമ്പിക്കുളംആളിയാര്‍ പദ്ധതി പ്രകാരം കേരളത്തിന് നല്‍കുന്ന വെള്ളം തമിഴനാട് ഇന്ന് മുതല്‍ വെട്ടിച്ചുരുക്കും. നിലവില്‍ നല്‍കുന്ന, സെക്കന്റില്‍ 300 ഘനയടി വെള്ളം മാര്‍ച്ച് പതിനഞ്ച് വരെ ഉണ്ടാകൂ എന്ന് നേരത്തെ തന്നെ തമിഴനാട് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം വിട്ട് നല്‍കുന്ന വെള്ളത്തിന്റെ അളവ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് മുതല്‍ സെക്കന്റില്‍ 200 ഘനയടി വെള്ളം നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് ഇതുവരെ അംഗീകരിച്ചിട്ടില്ല.

ആളിയാറില്‍ നിന്ന് ചിറ്റൂര്‍ പുഴയിലേക്ക് ഇപ്പോള്‍ നല്‍കുന്ന മുന്നൂറ് ഘനടയടി വെള്ളം മാര്‍ച്ച് പതിനഞ്ച് വരെ മാത്രമേ നല്‍കാനാകൂവെന്ന് തമിഴനാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പതിനഞ്ചിന് ശേഷം നല്‍കേണ്ടവെള്ളത്തിന്റെ അളവ് സംബന്ധിച്ചാണ് ഇപ്പോള്‍ അനിശ്ചിതത്വം തുടരുന്നത്. ഇന്ന് മുതല്‍ ഈ മാസം അവസാനിക്കുന്നത് വരെ 200 ഘനയടി വെള്ളം നല്‍കണമെന്നും, മെയ് 1 മുതല്‍ പതിനഞ്ച് വരെ നൂറ് ഘനയടി വെള്ളം നല്‍കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. പക്ഷേ മെയ് പതിനഞ്ച് വരെ സെക്കന്റില്‍ നൂറ് ഘനയടി വെള്ളമേ നല്‍കാനാവൂ എന്നതാണ് തമിഴ്‌നാടിന്റെ നിലപാട്. പതിനഞ്ചിന് ശേഷം നല്‍കേണ്ട വെള്ളത്തിന്റെ അളവില്‍ തീരുമാനമെടുക്കാന്‍ ഇരു സംസ്ഥാനങ്ങളിലെയും ജല വിഭവ വകുപ്പ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്താന്‍ ധാരണയുണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചക്ക് തമിഴ്‌നാട് താത്പര്യം പ്രകടിപ്പിക്കുന്നില്ല.

സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകളോടും അനുകലമായല്ല തമിഴ്‌നാട് പ്രതികരിക്കുന്നത്. ഇതോടെ പറമ്പിക്കുളംആളിയാര്‍ പദ്ധതിയിലെ അര്‍ഹതപ്പെട്ട മുഴുവന്‍ വെള്ളവും നേടിയെടുക്കാനുള്ള വഴി കേരളത്തിന് മുമ്പില്‍ അടയുകയാണ്. ഇതോടെ ചിറ്റൂര്‍ താലൂക്ക് അനുഭവിക്കുന്ന ജലക്ഷാമം കൂടുതല്‍ രൂക്ഷമാകാനുള്ള സഹചര്യമാണ് ഒരുങ്ങുന്നത്.

കേരളത്തില്‍ സ്ഥിതിചെയ്യുന്ന ശിരുവാണി അണക്കെട്ടില്‍ നിന്ന് അട്ടപ്പാടിയെ കൊടും വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ചെറിയ തടയണ നിര്‍മിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വരുന്ന തമിഴ്‌നാടാണ് കേരളത്തിലെ അര്‍ഹതപ്പെട്ട ജലം പറമ്പിക്കുളത്തിന് നിന്ന് തരാന്‍ മടിക്കുന്നത്. ശിരുവാണിയില്‍ നിന്ന് മുഴുവന്‍ ജലവും തട്ടിയെടുക്കുന്ന തമിഴ്‌നാട് പറമ്പിക്കുളത്തില്‍ നിന്ന് വെള്ളം ശരിയായ രീതിയില്‍ തരാത്തത് മൂലം ചിറ്റൂര്‍ താലൂക്ക് അതിരൂക്ഷമായ വരള്‍ച്ചയെയാണ നേരിടുന്നത്. ശിരുവാണിയിലെയും പറമ്പിക്കുളത്തിലെയും വെള്ളം തട്ടിയെടുത്ത് കേരളത്തെ മരുഭൂമിയാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ജില്ലയില്‍ ഉയരുന്നത്.