ക്രിക്കറ്റ് അക്കാഡമി: ബിസിനസ് സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted on: March 15, 2018 9:48 pm | Last updated: March 15, 2018 at 9:48 pm
കേരളത്തിലെത്തിയ യു എ ഇ ബിസിനസ് സംഘം മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരം നല്‍കുന്നു

ദുബൈ: യു എ ഇയില്‍ നിന്നുമുള്ള ആറു പേരടങ്ങിയ ഇന്ത്യന്‍ ബിസിനസുകാരുടെ സംഘം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടി ടെന്‍ ക്രിക്കറ്റ് ടീമായ കേരള കിംഗ്‌സിന്റെ ഉടമകളുടെ നേതൃത്വത്തിലുള്ള സംഘം ലോകത്തിലെ ആദ്യ ടി ടെന്‍ ക്രിക്കറ്റ് അക്കാദമി തിരുവനന്തപുരത്ത് തുടങ്ങാന്‍ പിന്തുണ തേടിയാണ് മുഖ്യമന്ത്രിയെ കണ്ടത്.
യുവപ്രതിഭകളെ കണ്ടെത്താന്‍ സംസ്ഥാനത്തുടനീളം ടി ടെന്‍ ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ചും അവര്‍ക്ക് നിര്‍ദിഷ്ട യു എ ഇ ക്രിക്കറ്റ് അക്കാദമിയില്‍ അംഗത്വം നല്‍കുന്നതിനും ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും പ്രവാസി വ്യവസായി സംഘത്തെ നയിച്ച മുല്‍ക് ഹെല്‍ത് കെയര്‍ ചെയര്‍മാനും കേരള കിംഗ്‌സിന്റെ സഹ ഉടമയുമായ ഡോ. ശാഫി ഉല്‍ മുല്‍ക് മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരിച്ചു നല്‍കി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഐസക് ജോണ്‍ കേരള കിംഗ്‌സിന് ലഭിച്ച ചാമ്പ്യന്‍സ് ട്രോഫിയുടെ മാതൃക മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
ലോക പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ വേള്‍ഡ് മലയാളി കൗണ്‍സിലാണ് (ഡബ്ല്യു എം സി) കേരള കിംഗ്‌സ് ഉടമകളുടെ സംരംഭത്തിന് പിന്തുണ നല്‍കുന്നത്.

യു എ ഇ ആസ്ഥാനമായ മുല്‍ക് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഷാജി ഉല്‍ മുല്‍കാണ് ക്രിക്കറ്റിലെ പുതിയ തരംഗമായ ടി ടെന്‍ ക്രിക്കറ്റിന് രൂപം നല്‍കിയത്. വളര്‍ന്നുവരുന്ന ക്രിക്കറ്റ് പ്രതിഭകള്‍ക്ക് പ്രശസ്തരായ കോച്ചുകളുടെ ശിക്ഷണത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നല്‍കുകയാണ് ടി ടെന്‍ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.

കേരളത്തിലെ പ്രതിഭകളായ യുവാക്കള്‍ക്ക് ആത്മവിശ്വാസം പകരുന്നതിനോടൊപ്പം മികച്ച ലോകോത്തര ക്രിക്കറ്റ് താരങ്ങളുടെ കൂടെ കളിക്കാനുള്ള അവസരം എന്നിവയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
ടി ടെന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ യുവ പ്രതിഭകള്‍ക്ക് അവരുടെ സംസ്ഥാനത്തെയും രാജ്യത്തെയും രാജ്യാന്തരതലത്തില്‍ പ്രതിനിധീകരിക്കാനുള്ള സുവര്‍ണാവസരമാണ് ഒരുക്കുക.
പത്തു ദിവസം നീളുന്ന രണ്ടാമത് ടി ടെന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്ക് ആകര്‍ഷകമായ വേതനവും ആനുകൂല്യങ്ങളും നല്‍കും.

അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലേക്ക് യു എ ഇയെ യോഗ്യത നേടാന്‍ പര്യാപതമാക്കാന്‍ സാമൂഹിക ഉത്തരവാദിത്ത (സി എസ് ആര്‍) പദ്ധതികളുടെ ഭാഗമായി ഇന്ത്യയില്‍ നിന്ന്, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള ക്രിക്കറ്റ് കളിക്കാര്‍ക്ക് സ്ഥിരമായ ജോലിയും താമസത്തിനുള്ള അനുമതിയും നല്‍കാന്‍ കേരള കിംഗ്‌സ് ഉടമകള്‍ തയ്യാറാണ്.

ഐറിസ് ഇന്‍ഷ്വറന്‍സ് ഡയറക്ടര്‍ അനില്‍ നായര്‍, ആര്‍ ജി ഐ ഗ്രൂപ്പ് ഡയറക്ടര്‍ ജി പ്രസാദ്, ഡബ്ല്യു എം സി അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ ജോണി കുരുവിള എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.