നഴ്‌സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതി സ്‌റ്റേ

Posted on: March 15, 2018 7:55 pm | Last updated: March 16, 2018 at 9:25 am

കൊച്ചി: നഴ്‌സുമാരുടെ മിനിമം വേതനവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ഹൈക്കോടതി സ്‌റ്റേ. മാര്‍ച്ച് 31ന് അന്തിമ വിജ്ഞാപനം ഇറക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ അന്തിമ വിജ്ഞാപനം ഇപ്പോള്‍ ഇറക്കേണ്ടെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഈ മാസം 31ന് അന്തിമ വിജ്ഞാപനം ഇറക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ആശുപത്രി മാനേജ്മന്റുകളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ശമ്പള പരിഷ്‌കരണം നടപ്പാക്കിയാല്‍ ആശുപത്രികള്‍ക്കു വലിയ പ്രതിസന്ധിയുണ്ടാകുമെന്നും രോഗികളുടെ ചികിത്സാഭാരം കൂടുമെന്നും മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. എന്നാല്‍ കേസില്‍ വാദം തുടരുമെന്നും വിജ്ഞാപനം ഇറക്കുന്നത് സ്‌റ്റേ ചെയ്യുന്നതായും കോടതി ഉത്തരവിടുകയായിരുന്നു.

മിനിമം വേതനം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി ഇടപെട്ടത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉത്തരവ് മാര്‍ച്ച് 31നകം ഇറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതിനാലാണ് അസോസിയേഷന്‍ സമരം ഉപേക്ഷിച്ചത്.

വിധിയെ നിയമപരമായി നേരിടുമെന്ന് നഴ്‌സുമാരുടെ സംഘടനയായ യു എന്‍ എ അറിയിച്ചു. കേസില്‍ കക്ഷി ചേരുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 10നായിരുന്നു സമരത്തെ തുടര്‍ന്ന് നഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 20,000 ആക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് പല ആശുപത്രികളും നടപ്പിലാക്കിയില്ല.