നിഹാലിന് വീണ്ടും ഗ്രാന്‍ഡ്മാസ്റ്റര്‍ നേട്ടം

  Posted on: March 15, 2018 6:25 am | Last updated: March 14, 2018 at 11:51 pm
  SHARE

  തൃശൂര്‍: ഐസ്‌ലാന്‍ഡിലെ റെയ്ക്ക്യാവിക്കില്‍ നടന്നുകൊണ്ടിരിക്കുന്ന ബോബി ഫിഷര്‍ മെമ്മോറിയല്‍ അന്തര്‍ദേശീയ ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് കാഴ്ച വെച്ച ഇന്ത്യന്‍ ചെസ്സിലെ അത്ഭുതബാലന്‍ നിഹാല്‍ സരിന്‍ രണ്ടാമതും ഗ്രാന്‍ഡ്മാസ്റ്റര്‍ നേട്ടം കരസ്ഥമാക്കി. ഗ്രാന്‍ഡ്മാസ്റ്റര്‍ പട്ടത്തിലേക്ക് ഒരു പടി കൂടി അടുത്തു.

  ഒരു റൗണ്ട് മത്സരം മാത്രം ആവശേഷിക്കെ എട്ട് കളികളില്‍ നിന്നും ആറ് പോയിന്റ് നേടിയ നിഹാല്‍ 2731 എന്ന ഉയര്‍ന്ന അന്തര്‍ദേശീയ റേറ്റിംഗിന് സമാനമായ ഉയര്‍ന്ന നിലവാരമുള്ള പ്രകടനമാണ് ഇതുവരെ കാഴ്ച്ചവെച്ചത്. രണ്ട് ഗ്രാന്‍ഡ്മാസ്റ്റര്‍മാരേയും ഒരു വനിതാ ഗ്രാന്‍ഡ്മാസ്റ്ററ്റേയും പരാജയപ്പെടുത്തിയ നിഹാല്‍ ശക്തരായ മൂന്ന് ഗ്രാന്‍ഡ്മാസ്റ്റര്‍മാരെ അനായാസം സമനിലയില്‍ തളക്കുകയും ചെയ്തു. ഇതില്‍ മുന്‍ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലിസ്റ്റായ അമേരിക്കയുടെ ഗതാ കാംസ്‌കിയും ഈ ടൂര്‍ണമെന്റിലെ ഒന്നാം സീഡ് അമേരിക്കയുടെ തന്നെ ഗ്രാന്‍ഡ്മാസ്റ്റര്‍ റാപ്പോര്‍ട്ട് റിച്ചാര്‍ഡും ഉള്‍പ്പെടുന്നു.

  2014ല്‍ ദക്ഷിണാഫ്രിക്കയിലെ ദര്‍ബണില്‍ നടന്ന ലോക അണ്ടര്‍ 10 കിരീടം ചൂടിയ നിഹാല്‍ അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 12 വയസിനു താഴെയുള്ളവര്‍ക്കുള്ള ലോകകിരീടമത്സരത്തില്‍ രണ്ടാമനായി. 2017 ല്‍ മോസ്‌കോയില്‍ നടന്ന എയറോഫ്‌ളോട്ട് അന്തര്‍ദേശീയ ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനത്തോടെ ഈ ബാലന്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പട്ടം സ്വന്തമാക്കി. അതേ വര്‍ഷം നോര്‍വേയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഒമ്പത് കളികളില്‍ നിന്ന് അപരാജിതനായി ആറ് പോയിന്റുകള്‍ കരസ്ഥമാക്കിയ നിഹാല്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ നോം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ചെസ്സ് താരം എന്ന അപൂര്‍വ്വ ബഹുമതിക്ക് അര്‍ഹനായി. അന്ന് നിഹാലിന്റെ പ്രായം 12 വയസ് ഒമ്പത് മാസം മൂന്ന് ദിവസവുമാണ്. കഴിഞ്ഞവര്‍ഷം ഭാരതത്തില്‍ നടന്ന ലോക യൂത്ത് ചെസ്സ് ഒളിമ്പ്യാഡില്‍ മൂന്നാം ബോര്‍ഡില്‍ മികച്ച വ്യക്തിഗതപ്രകടനത്തിനുള്ള സ്വര്‍ണ്ണമെഡലും നിഹാല്‍ സ്വന്തമാക്കിയിരുന്നു.

  ക്ലാസിക്കല്‍ ചെസ്സിലും മിന്നല്‍ ചെസ്സിലും ഒരുപോലെ വൈഭവം പ്രദര്‍സിപ്പിക്കുന്ന നിഹാലിനെ ഇന്ന് 14 വയസ്സിനു താഴെയുള്ള ചെസ്സ് കളിക്കാരില്‍ ലോക ഒന്നാം നമ്പര്‍ താരമായി ലോക ചെസ്സ് ഫെഡററേഷന്‍ റാങ്ക് ചെയ്തിരിക്കുന്നു. കേരളത്തിന്റെ അഭിമാനതാരമായ നിഹാലും തമിഴ്‌നാടിന്റെ ഇതേ പ്രായക്കാരനായ പ്രഗ്യാനന്ദയും ആണ് വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോകചാമ്പ്യന്‍ഷിപ്പ് നേടുവാന്‍ സാദ്ധ്യതയുള്ള ഭാവിവാഗ്ദാനങ്ങള്‍ എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

  തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. സരിന്‍ , ഡോ. ഷിജിന്റേയും മകനായ നിഹാല്‍ ദേവമാതാ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് . 2016 ല്‍ അസാമാന്യനേട്ടങ്ങള്‍ കരസ്ഥമാക്കിയ ബാലപ്രതിഭക്കുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെ അവാര്‍ഡ് നിഹാലിന് ലഭിച്ചിരുന്നു.

   

  LEAVE A REPLY

  Please enter your comment!
  Please enter your name here