മധ്യ ഇറ്റലിയില്‍ രണ്ടാം ലോക മഹായുദ്ധകാലത്തെ മാരക ബോംബുകള്‍ കണ്ടെത്തി

23,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു
Posted on: March 15, 2018 6:05 am | Last updated: March 14, 2018 at 10:29 pm
മധ്യ ഇറ്റലിയിലെ ഫാനോയില്‍ നിന്ന് കണ്ടെത്തിയ രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബുകളിലൊന്ന്

റോം: മധ്യ ഇറ്റലിയിലെ ഫാനോയില്‍ ഖനനത്തിനിടെ രണ്ടാം ലോക മഹായുദ്ധ കാലത്തെ രണ്ട് പൊട്ടാത്ത ബോംബുകള്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് നിന്ന് 23,000ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ബ്രിട്ടന്‍ നിര്‍മിത ബോംബുകളാണ് കണ്ടെത്തിയതെന്നും ഖനനത്തിനിടെ അവിചാരിതമായാണ് ഇവ കണ്ടെത്തിയതെന്നും പൊട്ടിത്തെറിക്കാനുള്ള സാധ്യത ഏറെയാണെന്നും ഫാനോയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഈ പ്രദേശത്തിന് സമീപത്തുള്ള ആശുപത്രികളില്‍ നിന്ന് രോഗികളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇവിടേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. ഇതിന് ശേഷം കര, നാവിക സൈനികര്‍ സംയുക്തമായി ബോംബുകള്‍ ഇവിടെ നിന്ന് സുരക്ഷിതമായി കൊണ്ടുപോകുകയും സമുദ്രത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. ബോംബുകള്‍ അപകടകാരികളാണെന്ന വാര്‍ത്തയെ തുടര്‍ന്ന് മേഖലയിലെ സ്‌കൂളുകളും ഇന്നലെ തുറന്നുപ്രവര്‍ത്തിച്ചില്ല. മൂന്നര അടിയോളം നീളവും 225 കിലോഗ്രാം ഭാരവുമുള്ള ബോംബുകളാണ് ഭൂമി കുഴിക്കുന്നതിനിടെ കണ്ടെത്തിയിരുന്നത്. ബോംബുകള്‍ കണ്ടെത്തിയതിന്റെ ഏകദേശം രണ്ട് കിലോമീറ്റര്‍ ചുറ്റളവുകളില്‍ നിന്ന് ജനങ്ങളെ അധികൃതര്‍ മാറ്റിത്താമസിപ്പിച്ചിരുന്നു.

നഗരത്തിലെ മൂന്നില്‍ രണ്ട് ഭാഗം ജനവിഭാഗത്തെയും ഇത് ബാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ബോംബുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി സങ്കീര്‍ണവും അപകടകരവും ആണെന്നും അതിനാലാണ് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ബന്ധിതരായതെന്നും മേയര്‍ മാസിമോ സെരി അറിയിച്ചു.