Connect with us

Sports

ലങ്കയെ വീഴ്ത്താന്‍ ഇന്ത്യ

Published

|

Last Updated

കൊളംബോ: ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റിലെ നാലാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ആതിഥേയരായ ശ്രീലങ്കയെ നേരിടും. ഉദ്ഘാടന മത്സരത്തില്‍ ലങ്കയോട് തോറ്റതിന്റെ ക്ഷീണം രോഹിത് ശര്‍മക്കും സംഘത്തിനുമുണ്ട്. അതുകൊണ്ടു തന്നെ മികച്ചൊരു വിജയം ലക്ഷ്യമിടുന്നു ടീം ഇന്ത്യ. ബംഗ്ലാദേശ് കഴിഞ്ഞ ദിവസം ലങ്കക്കെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മൂന്ന് ടീമുകളും ഓരോ മത്സരം വീതം ജയിച്ച് നില്‍ക്കുന്നത് ടൂര്‍ണമെന്റിന് ആവേശം പകരുന്നു.

ലങ്കയോട് അഞ്ച് വിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തു കൊണ്ട് തിരിച്ചുവരവ് നടത്തിയിരുന്നു. രോഹിത് ശര്‍മ ഫോമിലേക്ക് ഉയരുമോ ഇല്ലയോ എന്നതാണ് ക്യാമ്പിലെ പ്രധാന ചര്‍ച്ച. വിരാട് കോഹ് ലിയുടെ അഭാവത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിതിന് സാധിക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്ക പരമ്പര മുതല്‍ രോഹിത് ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ്. അതേ സമയം ഓപണര്‍ ശിഖര്‍ ധവാന്റെ ഫോം ആശ്വാസമാണ്. തുടരെ രണ്ട് അര്‍ധസെഞ്ച്വറി പ്രകടനങ്ങള്‍ ധവാന്റെ ഭാഗത്ത് നിന്നുണ്ടായി. ശ്രീലങ്കക്കെതിരെ 49 പന്തില്‍ 90, ബംഗ്ലാദേശിനെതിരെ 43 പന്തില്‍ 55. അവസാനം കളിച്ച അഞ്ച് ടി20കളില്‍ നിന്നായി 288 റണ്‍സാണ് (55,90,47,24,72) ധവാന്‍ അടിച്ചുകൂട്ടിയത്.
രോഹിത് ശര്‍മയുടെ അവസാന അഞ്ച് ടി20 ഇന്നിംഗ്‌സുകള്‍ പരിതാപകരമാണ്. 17, 0, 11, 0,21 ഇങ്ങനെയാണ് സ്‌കോറുകള്‍. മനീഷ് പാണ്ഡെ (37,27), സുരേഷ് റെയ്‌ന, ദിനേശ് കാര്‍ത്തിക് എന്നിവര്‍ മധ്യനിരയില്‍ തിളങ്ങിയാല്‍ ഇന്ത്യക്ക് പേടിക്കാനില്ല.

മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍ഗാമിയാകുമെന്ന് കരുതുന്ന റിഷാബ് പന്ദും ലോകേഷ് രാഹുലും ആദ്യ ഇലവനില്‍ ഇടം പ്രതീക്ഷിച്ച് നില്‍ക്കുകയാണ്. ഇവരിലാരാണ് കൂടുതല്‍ ഉപയോഗപ്പെടുക എന്നതില്‍ അന്വേഷണം നടത്തുകയാണ് രോഹിത് ശര്‍മ. രാഹുല്‍ വരുമ്പോള്‍ രോഹിതിന് നാലാം സ്ഥാനത്തേക്ക് ഇറങ്ങാം എന്നൊരു ഓപ്ഷന്‍ ലഭിക്കും. രാഹുല്‍ ഓപണറുടെ റോളില്‍ തിളങ്ങുന്ന താരമാണ്. രോഹിതിന് ഇപ്പോഴത്തെ ഫോം ഔട്ടില്‍ നിന്ന് കരകയറകാന്‍ നാലാം സ്ഥാനത്തേക്കിറങ്ങുകയും ചെയ്യാം.
ശ്രീലങ്കക്കെതിരെ ഇനിയൊരു തോല്‍വി ഇന്ത്യയുടെ കിരീട സാധ്യതകളെ തന്നെ ബാധിക്കും. ടേബിളില്‍ മൂന്ന് ടീമുകള്‍ക്കും തുല്യപോയിന്റെങ്കിലും റണ്‍റേറ്റില്‍ മുന്നിലുള്ള ലങ്ക ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് മുന്നിലെത്താം.

ബൗളിംഗില്‍ വാഷിംഗ്ടണ്‍ സുന്ദര്‍, യുവേന്ദ്ര ചാഹല്‍, വിജയ് ശങ്കര്‍ എന്നിവര്‍ പ്രതീക്ഷ കാത്തു സൂക്ഷിക്കുന്നു. ഇന്ന് ലങ്കക്കെതിരെ ഇവരുടെ പ്രകടനം നിര്‍ണായകമാകും.
ബംഗ്ലാദേശിനെതിരെ 215 റണ്‍സടിച്ചിട്ടും അത് പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടത് ശ്രീലങ്കന്‍ ബൗളിംഗിന്റെ മൂര്‍ച്ചയെ ചോദ്യം ചെയ്യുന്നു.
19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് ജയം. അതേ സമയം, ലങ്കന്‍ ബാറ്റിംഗില്‍ മെന്‍ഡിസും പെരേരയും തകര്‍പ്പന്‍ ഫോമിലാണെന്നത് ഇന്ത്യ തിരിച്ചറിയുന്നുണ്ട്.