നിലപാട് വ്യക്തമാക്കി സുധാകരന്‍; എന്ത് സംഭവിച്ചാലും ബിജെപിയിലേക്കില്ല

Posted on: March 10, 2018 11:58 am | Last updated: March 10, 2018 at 2:15 pm

കണ്ണൂര്‍: എന്ത് സംഭവിച്ചാലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ബിജെപിയിലേക്ക് ക്ഷണം ലഭിച്ച കാര്യം തുറന്ന് പറഞ്ഞത് രാഷ്ട്രീയ ധാര്‍മികതകൊണ്ടാണ്. കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്നാരും ബിജെപിയിലേക്ക് പോകില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലങ്ങോളമിങ്ങോളം ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രസംഗിക്കുന്ന കോണ്‍ഗ്രസ് നേതാവാണ് താന്‍. അങ്ങനെയുള്ള താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും സുധാകരന്‍ ചോദിച്ചു. തന്റെ പ്രസ്താവനയെ ചിലര്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. ഷുഹൈബ് വധക്കേസില്‍ പ്രതിസ്ഥാനത്തുള്ള സി.പി.എമ്മിന് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ പ്രചാരണം. ഗുജറാത്തില്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കിയതു പോലെ കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നത് സി.പി.എമ്മാണെന്നും സുധാകരന്‍ ആരോപിച്ചു

നേരത്തെ, ബിജെപിയില്‍ ചേരാന്‍ തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തന്നെ കാണാന്‍ താത്പര്യപ്പെട്ടിരുന്നുവെന്നും സുധാകരന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.