മുശര്‍റഫിനെ അറസ്റ്റ് ചെയ്ത് സ്വത്ത് കണ്ടുകെട്ടാന്‍ പാക് കോടതി ഉത്തരവ്

Posted on: March 10, 2018 6:00 am | Last updated: March 9, 2018 at 10:40 pm
SHARE

ഇസ്‌ലാമാബാദ്: പാക് മുന്‍ പട്ടാള മേധാവി പര്‍വേസ് മുശര്‍റഫിനെ അറസ്റ്റ് ചെയ്യാന്‍ പാക്കിസ്ഥാന്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ കോടതി പാക് സര്‍ക്കാറിനോട് ഉത്തരവിട്ടു. അദ്ദേഹത്തിന്റെ മുഴുവന്‍ സമ്പത്തും കണ്ടുകെട്ടാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2007ല്‍ മുശര്‍റഫ് അധികാരത്തിലിരിക്കെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലാണ് പ്രത്യേക ട്രൈബ്യൂണല്‍ ഉത്തരവിറക്കിയത്.
74കാരനായ മുശര്‍റഫിനെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസില്‍ 2014ല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതിയിലെ നിരവധി ജഡ്ജിമാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. നൂറുകണക്കിന് ജഡ്ജിമാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
കഴിഞ്ഞ എട്ട് മാസത്തിനിടെ ഇതാദ്യമായാണ് പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് യഹ്‌യ അഫ്രീദി ഉള്‍പ്പെടുന്ന മൂന്നംഗ ബഞ്ച് ഈ കേസില്‍ വാദം കേള്‍ക്കുന്നത്. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ, ആഭ്യന്തര മന്ത്രാലയം മുശര്‍റഫിന്റെ സ്വത്തുക്കളുടെ വിവരം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രോസിക്യൂട്ടര്‍ അക്‌റം ശൈഖ്, മുശര്‍റഫിനെ അറസ്റ്റ് ചെയ്യാനും കോടതിയില്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു.
2016 മാര്‍ച്ചില്‍ ദുബൈയിലേക്ക് രക്ഷപ്പെട്ട മുശര്‍റഫിനെ പിടികിട്ടാപ്പുള്ളിയായി കോടതി 2016 മെയില്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യദ്രോഹ കേസില്‍ മുശര്‍റഫിനെതിരെ കുറ്റം തെളിഞ്ഞാല്‍ വധശിക്ഷയോ അല്ലെങ്കില്‍ ജീവപര്യന്തം തടവോ അനുഭവിക്കേണ്ടിവരും. പിടികിട്ടാപ്പുള്ളിയായ മുശര്‍റഫിനെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എഫ് ഐ എ)ഇതുവരെ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. ദുബൈയില്‍ നിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തുകൊണ്ടുവരുന്നതിന് യു എ ഇയുമായി സ്വീകരിക്കേണ്ട നിയമ മാര്‍ഗങ്ങളും കോടതി ആരാഞ്ഞിട്ടുണ്ട്.