Connect with us

Kerala

എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഇന്ന് മുതല്‍

Published

|

Last Updated

തിരുവനന്തപുരം: എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഇന്ന് തുടങ്ങും. മാര്‍ച്ച് 28 വരെയാണ് പരീക്ഷ. ഉച്ചക്ക് ശേഷം 1.45നാണ് എസ് എസ് എല്‍ സി പരീക്ഷ. രാവിലെ പത്ത് മുതലാണ് ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് ഇ പരീക്ഷ. 4,41,103 വിദ്യാര്‍ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഇവരില്‍ 2,24,564 ആണ്‍കുട്ടികളും 2,16,539 പെണ്‍കുട്ടികളുമാണ്. 2,751 പേര്‍ പ്രൈവറ്റായി പരീക്ഷ എഴുതും. 9,25,580 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതുന്നത്. എസ് എസ് എല്‍ സി പരീക്ഷയെഴുതാന്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14,805 വിദ്യാര്‍ഥികള്‍ ഇത്തവണ കുറവാണ്. കഴിഞ്ഞ തവണ പരീക്ഷയെഴുതിയത് 4,55,908 പേരായിരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുത്ത് ഉത്തരം എഴുതാന്‍ പാകത്തില്‍ ഓരോ പാര്‍ട്ടിലും 25 ശതമാനം ചോദ്യം അധികം നല്‍കുമെന്ന് പരീക്ഷാ കമ്മീഷണര്‍ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പറഞ്ഞു.

എസ് എസ് എല്‍ സി പരീക്ഷക്ക് 2,935 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. 2,422 പേര്‍ പരീക്ഷ എഴുതുന്ന മലപ്പുറം ജില്ലയിലെ എടരിക്കോട് കെ എം എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഏറ്റവും കൂടുതല്‍ പേരെ പരീക്ഷക്കിരുത്തുന്നത്. കുറവ് കോഴിക്കോട് ബേപ്പൂര്‍ ജി ആര്‍ എഫ് ടി എച്ച് എസ് ആന്‍ഡ് വി എച്ച് എസിലും. ഇവിടെ ആകെ രണ്ട് പേര്‍ മാത്രമാണ് പരീക്ഷയെഴുതുക. ഗള്‍ഫിലെ ഒമ്പത് പരീക്ഷാ കേന്ദ്രങ്ങളിലായി 550 പേര്‍ പരീക്ഷ എഴുതും. ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളില്‍ 789 വിദ്യാര്‍ഥികളും പരീക്ഷക്കിരിക്കും.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറം ആണ്. കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്.

Latest