ത്രിപുരയിലെ അക്രമത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധവുമായി മുന്നോട്ട് വരണം: കോടിയേരി

Posted on: March 6, 2018 6:09 pm | Last updated: March 7, 2018 at 9:17 am

തിരുവനന്തപുരം: ത്രിപുരയില്‍ നടക്കുന്ന വ്യാപക അക്രമങ്ങളില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധവുമായി മുന്നോട്ട് വരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് സിപിഐഎം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കുമെതിരെ ആര്‍എസ്എസും ബിജെപിയുമാണ് അക്രമങ്ങള്‍ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.….

ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഐ എം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ ആര്‍ എസ് എസ് ബി ജെ പി സംഘപരിവാര്‍ സംഘടനകളും വിഘടനവാദ സംഘടനകളും ചേര്‍ന്ന് നടത്തുന്ന വ്യാപക അക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണം.

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കു നേരെ ഇരുന്നൂറോളം ആക്രമണങ്ങളാണ് നടത്തിയത്. വീടുകളും, പാര്‍ടി ഓഫീസുകളും വ്യാപകമായി തകര്‍ക്കപ്പെടുകയാണ്. കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചും പണമൊഴുക്കിയും, ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്തിയും ജനാധിപത്യ വ്യവസ്ഥയെയാകെ നോക്കുകുത്തിയാക്കിയുമാണ് ത്രിപുരയില്‍ ബി ജെ പി ഈ താല്‍ക്കാലികമായ വിജയം നേടിയത്. ത്രിപുര വിഭജനത്തിനു വേണ്ടി പോരാടുന്ന വിഘടനവാദ പ്രസ്ഥാനമായ ഐ പി എഫ് ടി യുമായി ചേര്‍ന്ന് ബി ജെ പി നേടിയ ഈ വിജയത്തില്‍ അഹങ്കരിച്ച് കമ്മ്യൂണിസ്റ്റ് വിരുദ്ധ വേട്ട നടത്താനാണ് ആര്‍ എസ് എസും ബി ജെ പിയും ശ്രമിക്കുന്നത്. ഇത്തരം ആക്രമണങ്ങളെ ബഹുജനങ്ങളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിച്ച പാരമ്പര്യമാണ് ത്രിപുരയ്ക്കുള്ളത്.

1988 ല്‍ വിഘടനവാദികളെ കൂട്ടുപിടിച്ച് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ നടത്തിയ അതിക്രമങ്ങളെ ചെറുത്ത് തോല്‍പ്പിച്ച് ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയ കാര്യം ആര്‍ എസ് എസും ബി ജെ പിയും മറന്നുപോകരുത്.
ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകാരെ ഇല്ലാതാക്കുകയെന്ന ദൗത്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുത്തിരിക്കുന്നതെന്ന് ബി ജെ പിയുടെ ദേശീയ ജനറല്‍ സെക്രട്ടറി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ആഗോളതലത്തില്‍ റൊണാള്‍ഡ് റീഗണും, മാര്‍ഗററ്റ് താച്ചറും നടപ്പിലാക്കിയ പദ്ധതിയുടെ തുടര്‍ച്ചയാണിതെന്നും ബി ജെ പി നേതാവ് തുറന്നു പറഞ്ഞിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരെ കൂട്ടത്തോടെ നശിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ ആര്‍ എസ് എസ് വ്യക്തമാക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും, ആര്‍ എസ് എസിന്റേയും ബി ജെ പിയുടേയും വര്‍ഗ്ഗീയനിലപാടുകള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം. ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് സിപിഐ എം നെ വേട്ടയാടാന്‍ ആര്‍ എസ് എസും ബി ജെ പിയും കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് ശ്രമിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളുടെ ശക്തമായ പ്രതിഷേധം രാജ്യത്താകെ ഉയര്‍ന്നുവരണം.

ദേശീയതലത്തില്‍ ഇടതുപക്ഷ പര്‍ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കേരളത്തില്‍ ബുധനാഴ്ച വൈകുന്നേരം എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടി വന്‍വിജയമാക്കണമെന്ന് എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു.