കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ട് കോണ്‍ഗ്രസുകാരന്‍ ജയിച്ചിട്ടില്ല, പിന്നല്ലേ ബിജെപി: കെ മുരളീധരന്‍

Posted on: March 3, 2018 4:43 pm | Last updated: March 3, 2018 at 6:28 pm

കോഴിക്കോട്: ഒരു കോര്‍പറേഷന്റെ വലിപ്പം പോലുമില്ലാത്ത ത്രിപുരയില്‍ ബിജെപിയെ നേരിടാന്‍ കഴിയാത്ത സിപിഎമ്മാണ് രാജ്യത്ത് ബിജെപിയെ നേരിടാന്‍ പോകുന്നതെന്ന് കെ മുരളീധരന്‍ എംഎല്‍എ.

ബിജെപി ജയിച്ചത് കോണ്‍ഗ്രസുകാരുടെ വോട്ട് കൊണ്ടാണെന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയുടെ കണ്ടെത്തല്‍. കോണ്‍ഗ്രസിന്റെ വോട്ട് കൊണ്ട് കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഒരു കോണ്‍ഗ്രസുകാരന്‍ പോലും ജയിച്ചിട്ടില്ല. പിന്നെങ്ങനെയാണ് ബിജെപി ജയിക്കുന്നതെന്ന് മുരളി ചോദിച്ചു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ നിന്ന് തത്ക്കാലം രക്ഷപ്പെടാന്‍ വേണ്ടി ത്രിപുരയിലെ ജനങ്ങള്‍ ബിജെപിയെ ജയിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ത്രിപുരയില്‍ സിപിഎമ്മും ബിജെപിയും മത്സരിച്ചപ്പോള്‍ സിപിഎം ജയിക്കണമെന്ന് ആഗ്രഹിച്ചവരാണ് കോണ്‍ഗ്രസുകാര്‍. കള്ളനും പെരുങ്കള്ളനും മല്‍സരിക്കുമ്പോള്‍ പെരുങ്കള്ളന്‍ തോല്‍ക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.