Connect with us

Gulf

'ടി പത്മനാഭന്‍ എഴുത്തും ജീവിതവും' വെള്ളിയാഴ്ച അജ്മാനില്‍

Published

|

Last Updated

അജ്മാന്‍: പാം പുസ്തകപ്പുരയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു പാം പുസ്തകപ്പുരയും യു എ ഇ യിലെ ചിത്രകാരന്മാരുടെ സംഘടനയായ ഗില്‍ഡും ചേര്‍ന്ന് “ടി പത്മനാഭന്‍ എഴുത്തും ജീവിതവും” എന്ന പേരില്‍ സാഹിത്യ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കും. അടുത്ത വെള്ളിയാഴ്ച രാവിലെ 10 മുതല്‍ രാത്രി 10 വരെ അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ വെച്ചാണ് പരിപാടി നടക്കുക. രാവിലെ 10 മുതല്‍ രണ്ട് വരെ യു എ ഇയിലെ പ്രമുഖ ചിത്രകാരന്മാര്‍ പത്മനാഭന്‍ കഥകളെ ആസ്പദമാക്കി ചിത്രരചന നടത്തും. രണ്ട് മണി മുതല്‍ നാല് വരെ കുട്ടികളുടെ പെയിന്റിംഗ് ഉണ്ടാകും. നാല് മുതല്‍ ആറ് വരെ പത്മനാഭന്‍ കഥകളെയും ചിത്രങ്ങളെയും ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ യു എ ഇയിലെ സാഹിത്യ സാംസ്‌കാരിക-ചിത്ര കലാരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. സാഹിത്യകാരന്‍ പി കെ പാറക്കടവ് ഉദ്ഘാടനം ചെയ്യുന്ന ചര്‍ച്ചയില്‍ എഴുത്തുകാരന്‍ എ എം മുഹമ്മദ് വിഷയാവതരണം നടത്തും. ജെംസ് മില്ലേനിയം സ്‌കൂള്‍ മലയാള വിഭാഗം മേധാവി ദീപ ചിറയില്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരിക്കും.

ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പാം അക്ഷര മുദ്ര പുരസ്‌കാരം പി മണികണ്ഠനും അക്ഷരതൂലിക കഥാ പുരസ്‌കാരം ഇസ്മാഈല്‍ കൂളത്ത്, അനില്‍ ദേവസ്സി, സിറാജ് നായര്‍ എന്നിവര്‍ക്കും അക്ഷര തൂലിക കവിത പുരസ്‌കാരം ബെസ്റ്റി സുശാന്ത്, സഹര്‍ അഹ്മദ്, സുജിത് ഒ സി എന്നിവര്‍ക്കും സമ്മാനിക്കും.

ആസ്റ്റര്‍ ഗ്രൂപ്പ് മേധാവി ഡോ. ആസാദ് മൂപ്പന്‍ ഉദ്ഘാടനം ചെയ്യുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ടി പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തും. സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച പി കെ പാറക്കടവ്, റാസല്‍ ഖൈമ ഫൈനാര്‍ട്‌സ് ഫെസ്റ്റിവല്‍ അവാര്‍ഡ് നേടിയ സദാശിവന്‍ അമ്പലമേട് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
എ എം മുഹമ്മദിന്റെ തിരഞ്ഞെടുത്ത കഥകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. കെ കെ മൊയ്തീന്‍ കോയ, കവയത്രി ഷീല പോള്‍, വിനോദ് നമ്പ്യാര്‍, അജ്മാന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജാസിം മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

 

Latest