Connect with us

Gulf

ദുബൈ വിമാനത്താവളത്തില്‍ ജനുവരിയില്‍ 79 ലക്ഷം യാത്രക്കാര്‍

Published

|

Last Updated

ദുബൈ: ജനുവരിയില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിച്ചത് 79 ലക്ഷം പേര്‍. ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തു വിട്ട ട്രാഫിക് റിപോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

7,960,146 യാത്രക്കാരാണ് ജനുവരിയില്‍ ദുബൈ വിമാനത്താവളം ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയെ അപേക്ഷിച്ചു ഒരു ശതമാനത്തിന്റെ കുറവാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. അതേസമയം, ചൈനീസ് പുതുവത്സരം പ്രമാണിച്ചു ഈ മാസം യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും റിപോര്‍ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

തെക്കേ അമേരിക്കയില്‍ നിന്നാണ് കഴിഞ്ഞ മാസം കൂടുതല്‍ യാത്രക്കാരുണ്ടായത്. മൊത്തം യാത്രക്കാരില്‍ 22.6 ശതമാനം ഈ മേഖലയില്‍ നിന്നുണ്ടായി. മോസ്‌കോ, ബാക്കു, കസാന്‍, മേഖലയില്‍ നിന്ന് 19.7 ശതമാനം യാത്രക്കാരുണ്ടായി. ആഫ്രിക്കയിലേക്ക് എമിറേറ്റ്‌സ് ഉള്‍പെടെ നിരവധി വിമാന കമ്പനികള്‍ സര്‍വീസുകള്‍ വര്‍ധിപ്പിച്ചതോടെ ഈ മേഖലയില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് റിപോര്‍ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം 1,100,477 ആയിരുന്നു. സഊദി അറേബ്യയും ബ്രിട്ടനുമാണ് തൊട്ടു പിറകില്‍.

ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ പറന്നതും തിരിച്ചെത്തിയതുമായ നഗരം ലണ്ടനാണ്. 333, 286 യാത്രക്കാരാണ് ലണ്ടനിലേക്ക് പറന്നത്. 231,956 യാത്രക്കാരുമായി കുവൈത്തും 225,776 യാത്രക്കാരുമായി മുംബൈയും തൊട്ടു പിറകിലുണ്ട്.
ജനുവരിയില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്തതും ടേക്ക് ഓഫ് ചെയ്തതുമായ വിമാന സര്‍വീസുകള്‍ 35,306 ആയിരുന്നു. ഓരോ സര്‍വീസിലേയും ശരാശരി യാത്രക്കാരുടെ എണ്ണം 232 ആയിരുന്നു. 0.9 ശതമാനം വളര്‍ച്ചയാണ് 2017ലെ ഇതേ കാലയളവിലെ അപേക്ഷിച്ചു വിമാനത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. 80 ലക്ഷത്തിനടുത്ത യാത്രക്കാരുടെ ഉപയോഗത്തിലൂടെ ഈ വര്‍ഷത്തിന്റെ ആരംഭം തന്നെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സവിശേഷത മികവുറ്റതായെന്നു ദുബൈ എയര്‍പോര്‍ട്ട് സി ഇ ഒ പോള്‍ ഗ്രിഫിത്സ് പറഞ്ഞു.

കൂടുതല്‍ ലോകോത്തരമായ സംവിധാനങ്ങളും സാങ്കേതിക വിദ്യകളും വിമാനത്താവള പ്രവര്‍ത്തനത്തിന്റെ സുഗമമായ നടത്തിപ്പിന് ഏര്‍പെടുത്തിയിട്ടുണ്ടെന്നും ഇതിലൂടെ അതിഥികളെ കൂടുതല്‍ സന്തുഷ്ടരാക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest