Connect with us

National

വാഹനമിടിച്ച് ഒമ്പത് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബിജെപി നേതാവ് കീഴടങ്ങി

Published

|

Last Updated

പാറ്റ്‌ന: ഒമ്പത് കുട്ടികള്‍ മരിക്കാനിടയായ വാഹനാപകടത്തിന് ഉത്തരവാദിയായ ബി ജെ പി നേതാവ് കീഴടങ്ങി. മുസാഫര്‍ നഗറിലെ ബിജെപിയുടെ നേതാവായ മനോജ് ബൈത്തയാണ് പൊലീസില്‍ കീഴടങ്ങിയത്.ഇയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടമുണ്ടാക്കിയത്. അപകടസമയത്ത് വാഹനമോടിച്ചത് മനോജ് ബൈത്തയാണെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബൈത്തക്കും െ്രെഡവര്‍ക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്. അപകടത്തെ തുടര്‍ന്ന് ബൈത്ത ഒളിവിലായിരുന്നു.

മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് ഒമ്പത് കുട്ടികള്‍ മരിക്കുകയും 20ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മസാഫര്‍പൂര്‍ ജില്ലാ നേതാവായ മനോജ് ബൈത്തയെ ബിജെപി പ്രാഥമികാംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ശനിയാഴ്ച മുസാഫര്‍പൂരിലെ സ്‌കൂള്‍ പരിസരത്ത് വെച്ചാണ് അപകടമുണ്ടായത്. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ച നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് ബി ജെ പിക്ക് കൂടി പങ്കാളിത്തമുള്ള സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ കക്ഷിയായ ആര്‍ ജെ ഡി ആരോപിച്ചു. ഈ വിഷയമുന്നയിച്ച് ഇന്നലെ നിയമസഭയില്‍ ആര്‍ ജെ ഡിയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. മനോജ് ബൈതക്കെതിരെ ഉടന്‍ നടപടി വേണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു.