Connect with us

Kerala

നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ നടന്ന കൈയാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് അറിയിച്ചത്. പ്രതികളോട് ഏപ്രില്‍ 21 ഹാജരാകന്‍ കോടതി നിര്‍ദേശം നല്‍കി. കേസ് പിന്‍ലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ തടസ്സ ഹരജി കോടതി സ്വീകരിച്ചില്ല.

മുന്‍ എം എല്‍ എ. വി ശിവന്‍കുട്ടി സര്‍ക്കാറിന് നല്‍കിയ കത്തിന്മേലുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസ് പിന്‍ലിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. അന്നത്തെ പ്രതിപക്ഷ നിരയിലുണ്ടായിരുന്ന ആറ് എം എല്‍ എമാര്‍ക്ക് എതിരെയായിരുന്നു കേസെടുത്തിരുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 2015 മാര്‍ച്ച് പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ശിവന്‍കുട്ടിക്കു പുറമെ ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിങ്ങനെ ആറ് ഇടത് എം എല്‍ എമാര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.

നിയമസഭയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും നാണക്കേടുണ്ടാക്കിയ കേസായിരുന്നു ഇത്. എന്നാല്‍, കേസ് അനാവശ്യമാണെന്നും രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിച്ചെന്നും സര്‍ക്കാറിന് നല്‍കിയ കത്തില്‍ ശിവന്‍കുട്ടി ആരോപിച്ചിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസില്‍ ആറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും പ്രതികള്‍ ജാമ്യമെടുക്കുകയും ചെയ്തിരുന്നു. നിയമ വകുപ്പില്‍ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നേരത്തെ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.