Connect with us

Gulf

ഖത്വറില്‍ ആദ്യത്തെ ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ തുറന്നു

Published

|

Last Updated

ദോഹ: നിരത്തുകളില്‍ ഇലക്ട്രോണിക് വാഹന വിപ്ലവത്തിനു തുടക്കം കുറിച്ച് രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ തുറന്നു. ഗ്രീന്‍ കാര്‍ സംരംഭത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഒന്നാംഘട്ട പദ്ധതിയുടെ ഭാഗമായാണ് ഖത്വര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്‍ (കഹ്‌റമ) പ്രഥമ സ്റ്റേഷന്‍ തുറന്നത്. കഹ്‌റമ അവയര്‍നസ് പാര്‍ക്കിലാണ് ആദ്യ സ്റ്റേഷന്‍. ഒന്നാംഘട്ടത്തില്‍ രാജ്യത്ത് സ്ഥാപിക്കുന്ന ഒമ്പതു സ്റ്റേഷനുകളിലൊന്നാണിത്. ഇതുകൂടാതെ കഹ്‌റമ ആസ്ഥാനം, മര്‍സ മലാസ് കെംപിന്‍സ്‌കി, ദി സെന്റ് റഗീസ് ഹോട്ടല്‍, അല്‍ ഫര്‍ദാന്‍ ടവേഴ്‌സ്, ഖത്വര്‍ ഫൗണ്ടേഷന്‍ ആസ്ഥാനം, ഖത്വര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്ക്, മിശൈരിബ് ഡൗണ്‍ ടൗണ്‍ ദോഹ, ഇസ്ദാന്‍ മാള്‍ വക്‌റ എന്നിവിടങ്ങളിലാണ് മറ്റു ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ നിലവില്‍ വരിക.
രാജ്യത്തെ കാര്‍ബണ്‍ വികിരണം കുറക്കുകയും പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗ്രീന്‍ വൈദ്യുതിയില്‍ ഓടുന്ന ഗ്രീന്‍ കാറുകള്‍ പ്രോത്സാഹിപ്പിക്കുന്നത്. 2022 ആകുമ്പോഴേക്കും രാജ്യത്ത് ഉപയോഗിക്കുന്നവയില്‍ 17 ശതമാനവും ഗ്രീന്‍ കാറുകള്‍ ആക്കുകയാണ് ലക്ഷ്യം. തര്‍ശീദ് പദ്ധതിയുമായി ചേര്‍ന്നാണ് ഒന്നാംഘട്ടം നടപ്പിലാക്കുന്നത്. സീമന്‍സ്, അല്‍ഫര്‍ദാന്‍ ഗ്രൂപ്പ് എന്നിവയും സഹകരിക്കുന്നു. അല്‍ ഫര്‍ദാന്‍ ഗ്രൂപ്പ് തങ്ങളുടെ മൂന്നു പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. സാങ്കേതിക സഹായമാണ് സീമന്‍സ് കമ്പനി നല്‍കുന്നത്. ഗ്രീന്‍ കാര്‍ സംരംഭത്തിന് മാതൃകയും പ്രോത്സാഹനവുമാകുന്നതിനായാണ് ആദ്യഘട്ട ശ്രമം.

 

Latest