Connect with us

Kannur

കെ സുധാകരന്‍ ഇന്ന് നിരാഹാരം അവസാനിപ്പിക്കും

Published

|

Last Updated

കണ്ണൂര്‍: ശുഐബ് വധത്തില്‍ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരമിരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ സുധാകരന്‍ ഇന്ന് സമരം അവസാനിപ്പിക്കും. തിരുവനന്തപുരത്ത് ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തിന്റെ നിര്‍ദേശ പ്രകാരമാണിത്.
തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന സമരം അവസാനിപ്പിച്ചതിനൊപ്പം തന്നെ നിരാഹാരസമരം അവസാനിപ്പിക്കാനാണ് നേതൃയോഗം നിര്‍ദേശിച്ചതെങ്കിലും ഒരു ദിവസം കൂടി സമരം തുടരണമെന്ന് കെ സുധാകരന്‍ തീരുമാനിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനാല്‍ ആശുപത്രിയിലേക്കു മാറണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും സുധാകരന്‍ വഴങ്ങിയിരുന്നുമില്ല. കെ പി സി സി പ്രസിഡന്റ് എം എം ഹസനാണ് സമരം അവസാനിപ്പിക്കാന്‍ സുധാകരന് ഇന്നലെ നിര്‍ദേശം നല്‍കിയത്.

ശുഐബ് വധത്തില്‍ സി ബി ഐ അന്വേഷണമാവാമെന്ന മുന്‍ നിലപാട് സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തിലാണ് യു ഡി എഫ് അടിയന്തിര യോഗം ചേര്‍ന്ന് നിര്‍ണായക തീരുമാനമെടുത്തത്. തുടര്‍ന്ന് ഇക്കാര്യം സുധാകരനെ ഫോണില്‍ അറിയിച്ചതും. ഇന്ന് വൈകീട്ട് ഉമ്മന്‍ചാണ്ടി നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തെന്നല ബാലകൃഷ്ണ പിള്ള, കെ സി വേണുഗോപാല്‍ എം പി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. കോടതിയില്‍ പോകാതെ നീതി ലഭിക്കില്ലെന്ന് ബോധ്യമായതായി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സി ബ ിഐ വരുമെന്നു പ്രതീക്ഷിച്ചല്ല സമരം തുടങ്ങിയത്. സമരം തന്റെ ഉത്തരവാദിത്തമാണ്. സര്‍ക്കാറിന്റെ യഥാര്‍ഥ മുഖം തുറന്നുകാട്ടാനായി. ശുഐബ് വധത്തില്‍ സി പി എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനു പങ്കുണ്ടെന്ന ആരോപണം വീണ്ടുമുന്നയിച്ച സുധാകരന്‍ നേതാക്കള്‍ കുടുങ്ങുമെന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ നിലപാടു മാറ്റിയതെന്നും പറഞ്ഞു. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടികൂടണം. ഗൂഢാലോചനക്കേസ് എടുക്കാതെയാണ് പോലീസ് അന്വേഷണം. അന്വേഷണ സംഘത്തിനുമേല്‍ സര്‍ക്കാറിന്റെയും സി പി എമ്മിന്റെയും കടുത്ത സമ്മര്‍ദമുണ്ട്. സി ബി ഐ അന്വേഷണമാവാമെന്ന മന്ത്രി എ കെ ബാലന്റെ ഉറപ്പ് പാര്‍ട്ടി ജില്ലാഘടകം ഇടപെട്ട് അട്ടിമറിച്ചതായും സുധാകരന്‍ ആരോപിച്ചു.

അതേസമയം, സുധാകരന്റെ നിരാഹാരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ഇക്കഴിഞ്ഞ 19നാണ് 48 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങിയത്. പിന്നീട് 22ന് സമരപ്പന്തലില്‍ യു ഡി എഫ് ഉന്നതാധികാര സമിതി ചേര്‍ന്ന് സമരം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു. അതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെ സുധാകരനെ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു.
സുധാകരന്റെ ആരോഗ്യനില വഷളായതില്‍ ആശങ്കയറിയിച്ച അദ്ദേഹം, പാര്‍ട്ടി തീരുമാനവുമായി മുന്നോട്ടുപോവാന്‍ നിര്‍ദേശം നല്‍കി. സമരത്തിനു പിന്തുണയറിയിച്ച് നേരത്തെയും രാഹുല്‍ ഗാന്ധി സുധാകരനെ ബന്ധപ്പെട്ടിരുന്നു. ശുഐബ് കുടുംബ സഹായ ഫണ്ട് വിതരണത്തിന് രാഹുല്‍ ഗാന്ധിയെ കണ്ണൂരിലെത്തിക്കാനും കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്.