Connect with us

Gulf

യമന്‍ വിഷയം; ഇറാനെതിരെ യു എന്‍ രക്ഷാസമിതിയില്‍ യു എ ഇ

Published

|

Last Updated

ദുബൈ: യമന്‍ വിഷയത്തില്‍ ഇറാനെതിരെ യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്വരം കടുപ്പിച്ച് യു എ ഇ. ഹൂതികള്‍ക്ക് മിസൈലുകള്‍ വിതരണം ചെയ്യുന്ന നടപടികള്‍ക്കെതിരെ ഇടപെടണമെന്ന് ഐക്യരാഷ്ട്ര സഭയിലെ യു എ ഇ അംബാസിഡറാണ് ആവശ്യപ്പെട്ടത്.

ബ്രിട്ടന്റെ നേതൃത്വത്തില്‍ കൊണ്ട്‌വന്ന, യമനിലെ സംഘര്‍ഷാവസ്ഥക്ക് കൂടുതല്‍ വഴിമരുന്നിടുന്ന ഇറാന്‍ നടപടികളില്‍ യു എന്‍ ഇടപെടണമെന്ന പ്രമേയത്തെ യു എ ഇ പിന്താങ്ങി. ഇറാന്‍ ഹൂതികള്‍ക്ക് മിസൈലുകള്‍ വിതരണം ചെയ്യുന്നത് യു എന്‍ സുരക്ഷാ കൗണ്‍സില്‍ തടയിടണം. അതല്ലാത്ത പക്ഷം മേഖലയില്‍ സംഘര്‍ഷാന്തരീക്ഷം തുടര്‍ന്ന് കൊണ്ടിരിക്കും. ഇതുമൂലം യമനിലെ സമാധാന പുനഃസ്ഥാപന സംഘത്തിന് ഹൂതികള്‍ക്കെതിരെ നടത്തുന്ന നടപടികള്‍ തുടരേണ്ടി വരുമെന്ന് ഐക്യ രാഷ്ട്രസഭയിലെ സ്ഥിരാംഗമായ ലന നുസൈബ പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സഊദി അറേബ്യയിലേക്ക് ഹൂതി വിമതര്‍ മിസൈല്‍ തൊടുത്തു വിട്ടിരുന്നു. യമന്റെ തെക്ക് കിഴക്കന്‍ തുറമുഖ നഗരമായ മോക്കായില്‍ നിന്ന് വിമതര്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗം യു എ ഇവ്യോമ പ്രതിരോധ നിര തകര്‍ത്തിരുന്നു.
യമനില്‍ വ്യവസ്ഥാപിതമായി സ്ഥാപിതമായ ഭരണകൂടത്തിനെതിരെ വിമതര്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ചെറുത്തു മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സഊദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് ഏകീകരണ സേന പ്രവര്‍ത്തിക്കുന്നുണ്ട്.
യു എ ഇയാണ് സേനയിലെ പ്രധാന പങ്കാളി. വിമതരായ ഹൂത്തികള്‍ ഇറാന്റെ പിന്തുണയോടെയാണ് യമന്‍ ഭരണകൂടത്തിനെതിരെ സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.