Connect with us

Kerala

ശൈലി മാറ്റാന്‍ സി പി എം; വിഭാഗീയത അവസാനിച്ചെന്ന് ആത്മവിശ്വാസം

Published

|

Last Updated

പൊതുസമ്മേളനത്തിനെത്തിയ പ്രവര്‍ത്തകരെ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭിവാദ്യം ചെയ്യുന്നു

തൃശൂര്‍: രാഷ്ട്രീയ പ്രവര്‍ത്തന ശൈലി തന്നെ മാറ്റാന്‍ സി പി എം. ജനങ്ങളുമായുള്ള അടുപ്പം കുറയുന്നുവെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. വിഭാഗീയത പൂര്‍ണമായി ഇല്ലാതായെന്ന ആത്മവവിശ്വാസവും സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങുമ്പോള്‍ നേതൃത്വം പങ്കുവെക്കുന്നു.
വിഭാഗീയതക്ക് കോപ്പുകുട്ടുന്നവരെ ശക്തമായി നേരിടുമെന്ന പ്രഖ്യാപനം കൂടിയായി തൃശൂര്‍ സമ്മേളനം മാറി. സംസ്ഥാന സമിതിയില്‍ വി എസിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന രണ്ട് പേരെ കൂടി വെട്ടിനിരത്തിയാണ് ഈ മുന്നറിയിപ്പ്.
വി എസിനോട് അനുഭാവമുള്ള സി കെ സദാശിവനെയും (ആലപ്പുഴ), പിരപ്പന്‍കോട് മുരളിയെയും (തിരുവനന്തപുരം) ആണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയത്. സംസ്ഥാന സമിതിയിലെ വിരലില്‍ എണ്ണാവുന്ന വി എസ് പക്ഷനേതാക്കളായിരുന്നു ഇരുവരും.

അനാരോഗ്യം കണക്കിലെടുത്ത് ഒഴിവാക്കിയ ഏഴ് പേര്‍ക്കൊപ്പമായിരുന്നു ഈ വെട്ടിനിരത്തല്‍. പി കെ ഗുരുദാസനും വി എസിനോട് അനുഭാവമുള്ളയാളാണെങ്കിലും പ്രായപരിധി കടന്നിട്ടുണ്ട്.
വിഭാഗീയതയുടെ സംസ്ഥാന കേന്ദ്രം തകര്‍ത്തു കഴിഞ്ഞെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശേഷിപ്പിച്ചത്. “സംസ്ഥാന തലത്തിലെ വിഭാഗീയത നേരത്തെ അവസാനിപ്പിച്ചതാണ്. ജില്ലാതലത്തില്‍ അവശേഷിച്ചത് കൂടി ഈ സമ്മേളനം നീക്കി. വിഭാഗീയതയുടെ സംസ്ഥാന കേന്ദ്രം ഇപ്പോഴില്ല. പ്രാദേശിക തലത്തില്‍ എവിടെയെങ്കിലും വന്നാല്‍ അത് അവിടെ തന്നെ അവസാനിപ്പിക്കും”. കോടിയേരി പറഞ്ഞു.
വി എസും അദ്ദേഹത്തോട് ചേര്‍ന്ന ചേരിയും പൂര്‍ണമായി ദുര്‍ബലമായെന്ന ആത്മവിശ്വാസമാണ് കോടിയേരിയുടെ ഈ വാക്കുകളില്‍ പ്രകടമാകുന്നത്. വിഭാഗീയതാ ശ്രമങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ നടപടികളിലെന്ന് വ്യക്തമാണ്. കണ്ണൂരില്‍ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതോട് ചേര്‍ത്ത് വായിക്കണം. ജയരാജനെ മഹത്വവത്കരിച്ച് നടന്ന ഇടപെടലുകളും അതിനെതിരെ സംസ്ഥാന സമിതി സ്വീകരിച്ച അച്ചടക്ക നടപടികളും സമ്മേളന റിപ്പോര്‍ട്ടിലും ഇടംപിടിച്ചിരുന്നു.

പുതിയ കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലിമാറ്റാനാണ് സി പി എം തയ്യാറാടെക്കുന്നത്. വര്‍ഗ സമരങ്ങള്‍ക്കും അവകാശ സമരങ്ങള്‍ക്കുമപ്പുറം ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. സാന്ത്വനചികിത്സ, ദരിദ്രജനവിഭാഗങ്ങള്‍ക്കുള്ള ഭവനനിര്‍മാണം, ആശുപത്രി നവീകരണം, പരിസ്ഥിതി രംഗത്തെ ഇടപെടല്‍, രോഗിപരിചരണം, സ്‌കൂളുകളുടെ ആധുനികവത്കരണം എന്നിവയെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനമായെടുക്കാനാണ് തീരുമാനം.
കൊലപാതക രാഷ്ട്രീയമടക്കമുള്ള വിവാദങ്ങളില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ച് പിടിക്കാന്‍ ഇത്തരം നീക്കങ്ങള്‍ സഹായിക്കുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു. പാവങ്ങള്‍ പഴയതുപോലെ പാര്‍ട്ടിക്കൊപ്പമില്ലെന്ന ആശങ്ക സമ്മേളന റിപ്പോര്‍ട്ട് തന്നെ പങ്കുവെക്കുമ്പോഴാണ് ഈ നീക്കമെന്നതും ശ്രദ്ധേയം. സി പി എം നേതാക്കള്‍ക്ക് ജനങ്ങളുമായി പഴയത് പോലെ അടുപ്പമില്ലെന്ന വിമര്‍ശം മറികടക്കാനാണ് ആറ് മാസത്തിലൊരിക്കല്‍ ഗൃഹ സന്ദര്‍ശനം എന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

 

Latest