ചര്‍ച്ചയിലും സി പി ഐക്ക് വിമര്‍ശം; ‘എന്തിനാണ് ഈ കൊലപാതകങ്ങള്‍’

Posted on: February 24, 2018 9:22 am | Last updated: February 24, 2018 at 9:22 am

തൃശൂര്‍: സി പി എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലും കൊലപാതക രാഷ്ട്രീയത്തിനെതിരെ രൂക്ഷവിമര്‍ശം. സംഘടനാ രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള പൊതു ചര്‍ച്ചയിലാണ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ പാര്‍ട്ടി പ്രതിസ്ഥാനത്ത് വരുന്നതിലെ ആശങ്ക പങ്കുവെച്ചത്. പോലീസിനെതിരെയും ചര്‍ച്ചയില്‍ വിമര്‍ശം ഉയര്‍ന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ പ്രസീഡിയം വിലക്കി. സി പി ഐ മുന്നണി മര്യാദ ലംഘിക്കുന്നുവെന്ന വിമര്‍ശത്തിനൊപ്പം പ്ലീനം രേഖ നടപ്പാക്കുന്നതിലെ വീഴ്ചകളും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ലക്ഷ്യമിട്ടും വിമര്‍ശങ്ങളുണ്ടായി.

കൊല്ലത്ത് നിന്നുള്ള പ്രതിനിധിയാണ് കണ്ണൂരിലെ കൊലപാതകങ്ങളെ വിമര്‍ശിച്ച് രംഗത്തുവന്നത്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതിനൊപ്പം പൊതുസമൂഹത്തെ അകറ്റാന്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കാരണമാകുന്നതായി പി കെ ഗോപന്‍ ചൂണ്ടിക്കാട്ടി. കുരുക്ഷേത്ര യുദ്ധത്തെ ഉദാഹരിച്ചായിരുന്നു പ്രസംഗം. യുദ്ധം കഴിഞ്ഞ് കൃഷ്ണനോട് ചോദിച്ചത് പോലെ എന്തിനാണ് ഈ കൊലപാതകങ്ങളെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മറ്റു ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും കൊലപാതക രാഷ്ട്രീയത്തിനെതിരെ രംഗത്തുവന്നു. കണ്ണൂര്‍ ജില്ലാ കമ്മറ്റിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയായിരുന്നു ചര്‍ച്ചകള്‍. അനാവശ്യവിവാദം ക്ഷണിച്ചു വരുത്തുന്ന നടപടികളാണ് ഇതുകൊണ്ടുണ്ടാകുന്നത്. ഇത് അംഗീകരിക്കപ്പെടാന്‍ കഴിയില്ല. പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് പ്രതികളായവര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്നും ചോദ്യമുയര്‍ന്നു. എത്രയും വേഗം പാര്‍ട്ടി തല നടപടിയുണ്ടാകണമെന്നും ആവശ്യമുയര്‍ന്നു.
സമ്മേളന നടപടികള്‍ വിശദീകരിച്ച സി പി എം നേതാക്കളും കൊലപാതകത്തെ തള്ളി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഒരു അന്വേഷണവും നടത്തുന്നില്ലെന്നും പോലീസ് ആണ് അന്വേഷിക്കുന്നതെന്നും സി പി എം കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ വിജയരാഘവനും എളമരം കരീമും വ്യക്തമാക്കി. രാഷ്ട്രീയ അക്രമങ്ങളെ സി പി എം അംഗീകരിക്കുന്നില്ല. കൊലപാതകികള്‍ക്കൊപ്പം നില്‍ക്കാന്‍ ഒരു പാര്‍ട്ടിക്കും കഴിയില്ലെന്നും ഇരുനേതാക്കളും വ്യക്തമാക്കി. കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് സി പി ഐക്കെതിരായ വിമര്‍ശം ഉയര്‍ത്തിയത്. ഇരുപാര്‍ട്ടികളും തമ്മില്‍ വലിയ അന്തരമുണ്ട്. സി പി എം എന്താണെന്ന് സി പി ഐക്ക് മനസിലാക്കി കൊടുക്കണമെന്ന് വരെ ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. താഴെ തട്ടില്‍ വരെ മുന്നണി മര്യാദ ലംഘിക്കുന്ന നിരവധി സംഭവങ്ങളുണ്ടാകുന്നു. എല്ലാ വിഷയത്തിലും ചാമ്പ്യന്‍ പട്ടം നേടാനുള്ള ശ്രമമാണ് സി പി ഐ നടത്തുന്നതെന്നും ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സി പി ഐ മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശമുണ്ടായി. നാല് മന്ത്രിമാരും മണ്ടന്‍മാരാണെന്നായിരുന്നു ഒരു പ്രതിനിധിയുടെ പരിഹാസം. നാല് മന്ത്രിമാരുടെയും പ്രകടനം മോശമാണെന്നും വിമര്‍ശമുയര്‍ന്നു.

കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികളും ഇതിനെതിരെ രംഗത്തുവന്നു. കോണ്‍ഗ്രസുമായി ഒരു സഖ്യവും പാടില്ലെന്നായിരുന്നു ചര്‍ച്ചയിലെ പൊതുവികാരം. കോണ്‍ഗ്രസ് സഖ്യനീക്കം അപകടകരമാണെന്ന് ഡി വൈ എഫ് ഐ നേതാവ് പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.

അധികാരരാഷ്ട്രീയത്തിലേക്കുള്ള കുറുക്കുവഴിയായി ഇത് വ്യാഖ്യാനിക്കപ്പെടും. സമരങ്ങളിലൂടെ ബഹുജന പിന്തുണ നേടി വേണം അധികാരത്തില്‍ വരേണ്ടതെന്നും റിയാസ് നിര്‍ദേശിച്ചു. കാസര്‍കോട് നിന്നുള്ള ഡോ. വി പി പി മുസ്തഫയാണ് പ്ലീനം രേഖ നടപ്പാക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയത്. ചില നേതാക്കളുടെ ജീവിത ശൈലി വിമര്‍ശിക്കപ്പെടേണ്ടതാണ്. പ്ലീനം തീരുമാനം നേതാക്കള്‍ക്ക് ബാധകമല്ലേയെന്ന ചോദ്യമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു വിമര്‍ശം എന്നതും ശ്രദ്ധേയമാണ്.