ആള്‍ക്കൂട്ട കൊലപാതകം: ആദിവാസികള്‍ അഗളിയില്‍ റോഡ് ഉപരോധിക്കുന്നു

Posted on: February 23, 2018 4:34 pm | Last updated: February 23, 2018 at 4:34 pm

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ ഘാതകരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആദിവാസികള്‍ റോഡ് ഉപരോധിക്കുന്നു. അഗളി പോലീസ് സ്‌റ്റേഷന് മുന്നിലാണ് ആദിവാസികളുടെ പ്രതിഷേധം. കൊലപാതകത്തിന് ഉത്തരവാദികളായവരെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. വിവിധ ആദിവാസി ഊരുകളില്‍ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് അഗളിയില്‍ എത്തിയത്.

അതിനിടെ മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ നാട്ടുകാര്‍ തടഞ്ഞു. യഥാര്‍ഥ പ്രതികളെ പിടികൂടുന്നത് വരെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. തുടന്നര്‍് പോലീസെത്തി നാട്ടുകാരെ അനുനയിപ്പിച്ച ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.