മഹതിയാം ഖദീജ ബീവി(റ)

Posted on: February 23, 2018 6:21 am | Last updated: February 23, 2018 at 12:24 am

ഖുറൈശീ പ്രമുഖന്‍ ഖുവൈലിദിന്റെ ഓമനപുത്രിയാണ് ബീവി ഖദീജ(റ). ജാഹിലിയ്യാ കാലത്തെ ഒരു തിന്മയിലും അകപ്പെടാതെ വിശുദ്ധ ജീവിതം നയിച്ചതു കാരണം ത്വാഹിറ- പവിത്രതയുള്ളവള്‍- എന്നായിരുന്നു നാട്ടുകാര്‍ അവരെ വിളിച്ചിരുന്നത്. അതി സുന്ദരിയും സമ്പന്നയും ഖുറൈശീ സ്ത്രീ ജനങ്ങളുടെ നേതാവുമായിരുന്ന മഹതിയെ ആദ്യം വിവാഹം ചെയ്യുന്നത് ഉതയ്യഖ്ബ്‌നു ആബിദ് എന്നയാളാണ്. ഹിന്ദ് എന്ന ഒരു പെണ്‍കുട്ടി പിറന്നതിന് ശേഷം ഉതയ്യഖ് മരണപ്പെട്ടു.
പിന്നീട് അബൂ ഹാലയുമായി വിവാഹിതയായെങ്കിലും സിന്ധ്, ഹാല എന്നീ രണ്ടാണ്‍കുട്ടികള്‍ പിറന്ന ശേഷം അദ്ദേഹവും മരണപ്പെടുകയായിരുന്നു. വലിയ കച്ചവടം നിയന്ത്രിച്ചിരുന്ന ഖദീജ(റ)യെ പിന്നീട് പലരും വിവാഹാലോചനകള്‍ നടത്തിയെങ്കിലും അവര്‍ അതിന് സമ്മതം കൊടുക്കാതെ മക്കളെ വളര്‍ത്തുന്നതിലും തന്റെ കച്ചവട കാര്യങ്ങള്‍ നടത്തുന്നതിലും മാത്രം ശ്രദ്ധിക്കാന്‍ തീരുമാനിച്ചതായിരുന്നു.
സമൂഹത്തില്‍ നടമാടിയിരുന്ന തിന്മകളോടെല്ലാം കടുത്ത പ്രതിഷേധം ആ മനസ്സില്‍ കത്തിനിന്നിരുന്നു. തന്റെ എളാപ്പയായ വറഖത്തുബ്‌നു നൗഫല്‍ പകര്‍ന്നുനല്‍കിയ വേദങ്ങളെ സംബന്ധിച്ചും പ്രവാചകന്മാരെ സംബന്ധിച്ചുമുള്ള ചിന്തകള്‍ അവരെ വല്ലാതെ സ്വാധീനിച്ചിരുന്നു. ആയിടക്കാണ് ഒരു കല്യാണ വീട്ടില്‍ മറ്റു സ്ത്രീകളോടൊപ്പം ഒത്താശകള്‍ ചെയ്യുന്നതിനിടയില്‍ അപരിചിതനായ ഒരാള്‍ വന്ന് സ്ത്രീകളോട് പറയുന്നത്: നിങ്ങളിലാരെങ്കിലും, അന്ത്യ ദൈവദൂതരുടെ ഇണയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് പരിശ്രമിക്കുക. ഇത് കേട്ട സ്ത്രീകള്‍ അയാളെ തമാശയാക്കി. ചിലര്‍ കല്ലുകള്‍ വാരിയെറിയുകയും ചെയ്തു. എന്നാല്‍, ബീവി ഖദീജ കല്ലെറിയാനൊന്നും പോകാതെ ചിന്തയിലാണ്ടു. ഏളാപ്പയില്‍ നിന്നും നേരത്തെ കേട്ടതാണ് ഈ ദൈവദൂതരെ സംബന്ധിച്ച വിവരം. മക്കയിലാണ് ആ ദൂതരുടെ ആഗമനമുണ്ടാകുക. എന്നാല്‍, ആരായിരിക്കും ആ സമുന്നത പദവി അലങ്കരിച്ചിരിക്കുക?

മഹതിയുടെ ചിന്ത അല്‍ അമീന്‍ എന്ന ചെറുപ്പക്കാരനിലെത്തി. ഇന്ന് മക്കയില്‍ ദൈവദൂതരാകാന്‍ സാധ്യതയും യോഗ്യതയുമുള്ള ഒരേ ഒരു വ്യക്തിത്വം അബ്ദുല്ല എന്നവരുടെ ഓമന പുത്രന്‍, മക്കക്കാരുടെ കണ്ണിലുണ്ണി അല്‍ അമീന്‍ മുഹമ്മദ്(സ) മാത്രമാണ്. അവരെ സംബന്ധിച്ച് ഒന്നു പഠിക്കണം. അങ്ങനെയാണ് തന്റെ കച്ചവടം നിയന്ത്രിക്കാനുള്ള ജോലിയിലേക്ക് അല്‍ അമീനെ ക്ഷണിക്കുന്നത്. നല്ലൊരു ജോലി തേടുകയായിരുന്ന നബി(സ) ആ തൊഴില്‍ സ്വീകരിച്ചു. സിറിയയിലേക്കാണ് ആദ്യ വാണിജ്യയാത്ര. ഖദീജ(റ) തികഞ്ഞ ആസൂത്രണം നടത്തി. അല്‍ അമീന്റെ വ്യക്തിത്വത്തെ കുറിച്ച് പഠിക്കാന്‍ മൈസറത്ത് എന്നയാളെ ഏല്‍പ്പിച്ചു.
യാത്ര കഴിഞ്ഞു. മൈസറത്ത് തന്റെ യജമാനത്തിക്ക് വിവരങ്ങള്‍ കൈമാറി. ഞങ്ങളുടെ യാത്രാ സംഘം മക്കയില്‍ നിന്ന് പുറപ്പെട്ട് തിരിച്ചെത്തുന്നത് വരെ മേഘം ഞങ്ങള്‍ക്ക് തണലിട്ടുകൊണ്ട് കൂടെ സഞ്ചരിച്ചു. വിശ്രമിക്കാനിരുന്നാല്‍ അവിടെയും മേഘം തണലിട്ട് നില്‍ക്കും. മറ്റൊരത്ഭുതമുണ്ടായി. ബുസ്‌റാ നഗരത്തിനടുത്ത് ഒരു മരച്ചുവട്ടില്‍ അല്‍ അമീന്‍ വിശ്രമിക്കുമ്പോള്‍ നസ്തൂറാ എന്ന ക്രൈസ്തവ പുരോഹിതന്‍ വന്നുകൊണ്ട് എന്നോട് പറഞ്ഞു: ഈ മരത്തിന് ചുവട്ടില്‍ അല്ലാഹുവിന്റെ പ്രാവചകന്മാരല്ലാതെ വിശ്രമിച്ചിട്ടില്ല. (ഇബ്‌നു ഹിശാം).
ഇതോടെ ബീവി ഖദീജ ഉറപ്പിച്ചു. അന്ത്യദൈവദൂതരാകാന്‍ പോകുന്ന വ്യക്തിത്വം ഇദ്ദേഹം തന്നെയാണ്. ആ മഹാന്റെ ഇണയാകാന്‍ സാധിച്ചാല്‍ അതൊരു മഹാ ഭാഗ്യം തന്നെയായിരിക്കും. അങ്ങനെയാണ് ബീവി തന്റെ ആഗ്രഹം അബൂതാലിബിനെ അറിയിക്കുന്നത്.
ഇപ്പോള്‍ വിവാദമായ, ‘മാണിക്യ മലരായ’ എന്ന പാട്ടില്‍ മുത്ത് നബി(സ)യെയും ബീവി ഖദീജ(റ)യെയും കേവലം പ്രേമവിവാഹിതരായി എന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് പരിചയപ്പെടുത്തുന്നത്. ഇത് ചരിത്രവിരുദ്ധമാണ്. അതിലെ വരികള്‍ ഇങ്ങനെയാണ്.

”ഖാതിമുന്നബിയെ വിളിച്ച്,
കച്ചവടത്തിന്നയച്ച്
കണ്ട നേരം ഖല്‍ബിനുള്ളില്‍
മോഹമുദിച്ച്….”
തിരുനബിയുടെ ശരീര സൗന്ദര്യം കണ്ട് കൊതി പൂണ്ടാണ് ഖദീജ ബീവി(റ) വിവാഹാലോചനക്ക് മുതിര്‍ന്നത് എന്നത് സത്യവിരുദ്ധമാണ്. മഹതിക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. അന്ത്യപ്രവാചകരുടെ പ്രിയ പത്‌നിയാകുക. അതിന് വേണ്ടി എന്തും ത്യജിക്കാന്‍ അവര്‍ ഒരുക്കമായിരുന്നു. വിവാഹ ദിവസം തന്നെ ഖുറൈശീ പ്രമുഖരെ സാക്ഷിയാക്കി തന്റെ സമ്പത്ത് മുഴുവന്‍ അവര്‍ നബി(സ)യെ ഏല്‍പ്പിച്ചു. നബി(സ) ആ ധനം പാവപ്പെട്ടവര്‍ക്ക് വേണ്ടി യഥേഷ്ടം ചെലവഴിച്ചു. ഒരിക്കലും മഹതി ആ സമ്പത്തുക്കളെ കുറിച്ച് പിന്നീട് ചോദിച്ചില്ല. നാല്‍പത് വയസ്സോടടുത്തപ്പോള്‍ ഹിറാ പര്‍വതത്തില്‍ ധ്യാനനിരതനായപ്പോള്‍ ഭക്ഷണമടക്കം എത്തിച്ചുകൊണ്ട് അതിനെ പ്രോത്സാഹിപ്പിച്ചതും അല്‍ അമീന്‍ അന്ത്യ പ്രവാചകരായി പ്രഖ്യപിക്കപ്പെടുന്നതിലെ പ്രതീക്ഷ തന്നെയായിരുന്നു. നാല്‍പത് തികഞ്ഞപ്പോള്‍ ജബലുന്നൂറില്‍ വെച്ച് ആദ്യത്തെ ദിവ്യ സന്ദേശം സ്വീകരിച്ച്, ഏല്‍പ്പിക്കപ്പെട്ട ദൗത്യത്തിന്റെ ഭാരം പങ്കുവെച്ചപ്പോള്‍ തിരുദൂതരെ ആശ്വസിപ്പിക്കാന്‍ മഹതി മുതിര്‍ന്നതും ഈ മുന്നറിവ് കൊണ്ടായിരുന്നു.
ചുരുക്കത്തില്‍ ബീവി ഖദീജയെ തന്റെ പ്രബോധന ദൗത്യം പൂര്‍ത്തീകരിക്കുന്നതിനും സുഗമമാക്കുന്നതിനും മുത്ത് നബി(സ)ക്ക് വേണ്ടി അല്ലാഹു ഒരുക്കി നിര്‍ത്തിയ ഇണയായിരുന്നു. ഇത് ആ ചരിത്രത്തിന്റെ ഓരോ അടരുകളും വ്യക്തമാക്കിത്തരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യം നിര്‍വഹിക്കാന്‍ നബി(സ)യെ സഹായിക്കാന്‍ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. പിതാവിന്റെ സ്ഥാനത്ത് നിന്ന് സമ്പത്ത് ചെലവഴിക്കാനും ഒരു മാതാവിന്റെ തന്മയത്വത്തോടെ ആശ്വാസം പകരാനും ഒരു ഭാര്യ എന്ന നിലക്ക് സന്തോഷകരമായ ജീവിതം നല്‍കാനും ഒരേ സമയത്ത് ശേഷിയുള്ള ഒരപൂര്‍വ സ്ത്രീ രത്‌നമായിരുന്നു ബീവി ഖദീജ(റ).
ഈ വിശുദ്ധ വ്യക്തിത്വങ്ങളെ ഒരു ഇക്കിളി സിനിമയുടെ വഴിവിട്ട പ്രേമരംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് പശ്ചാത്തലമാക്കുന്നത് വില കുറഞ്ഞ കച്ചവട തന്ത്രം മാത്രമാണ്. സിനിമാ രംഗം ഒരു ‘കല’ എന്നതിനപ്പുറം കോടികള്‍ മറിയുന്ന ഒരു വ്യവസായമാണ്. മാഫിയകളുടെ ഒളിത്താവളവുമാണല്ലോ അത്. സംരംഭങ്ങളുടെ പരസ്യത്തിനായി നിര്‍മാണത്തിന്റെ അത്ര തന്നെ പണം ചെലവഴിക്കുന്ന ഇക്കാലത്ത് ചുളുവില്‍ പരസ്യം ഒപ്പിച്ചെടുക്കാന്‍ കുറുക്കുവഴികള്‍ അന്വേഷിക്കുകയായിരുന്നു എന്ന് മനസ്സിലാക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യം പറഞ്ഞ് ഇതിനെ പിന്തുണക്കാനെത്തുന്നവരാണ് ഇത്തരക്കാര്‍ക്ക് കരുത്ത് പകരുന്നത്. നീചമായ വിപണന തന്ത്രമാണിതെന്ന് പറയാതെ വയ്യ.