ശുഐബ് വധക്കേസ് സിപിഎം അന്വേഷിക്കുമെന്ന് പറയാന്‍ ഇത് ചൈനയല്ല: ചെന്നിത്തല

Posted on: February 22, 2018 1:55 pm | Last updated: February 22, 2018 at 4:06 pm

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവും സജീവ സുന്നി പ്രവര്‍ത്തകനുമായ എടയൂരിലെ ശുഐബ് വധക്കേസില്‍ സിപിഎം ജില്ലാ കമ്മിറ്റിക്ക് വീഴ്ചയുണ്ടായെങ്കില്‍ തുറന്നുപറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകക്കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇതു ചൈനയല്ല, ജനാധിപത്യ രാജ്യമാണെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ ശുഐബ് കുടുംബ സഹായ ഫണ്ട് സമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ ശങ്കരനാരായണന്‍, വി എം സുധീരന്‍, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം ഐ ഷാനവാസ് തുടങ്ങിയ നേതാക്കുടെ അഭിമുഖ്യത്തില്‍ ജില്ലയിലെ 110 കേന്ദ്രങ്ങളില്‍ നിധി സമാഹരണം പുരോഗമിച്ചുവരികയാണ്.