Connect with us

Editorial

ആരോഗ്യ നയം

Published

|

Last Updated

സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ എടുത്ത രേഖ നിര്‍ബന്ധമാക്കുന്നതും ആരോഗ്യവകുപ്പിനെ രണ്ടായി വിഭജിക്കുന്നതുമടക്കം സുപ്രധാന നിര്‍ദേശങ്ങള്‍ അടങ്ങുന്ന ആരോഗ്യനയത്തിന്റെ കരട് മന്ത്രിസഭാ യോഗം അംഗീകരിച്ചിരിക്കുന്നു. ഉയര്‍ന്ന രാഷ്ട്രീയ ഇച്ഛാശക്തിയോടെ നടപ്പാക്കുകയാണെങ്കില്‍ ജനങ്ങളുടെ ആരോഗ്യ ചെലവ് ഗണ്യമായി കുറക്കാനും കൂടുതല്‍ ഫലപ്രദമായ ചികിത്സയും പരിചരണവും ലഭ്യമാക്കാനുമുതകുന്നതാണ്് നിര്‍ദേശങ്ങള്‍. ആരോഗ്യവകുപ്പിനെ പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കണമെന്നാണ് നയം നിര്‍ദേശിക്കുന്നത്. നിലവിലെ രണ്ടു ഡയറക്ടറേറ്റുകള്‍ക്ക് പകരം പബ്ലിക് ഹെല്‍ത്ത്, ക്ലിനിക്കല്‍ സര്‍വീസ്, മെഡിക്കല്‍ വിദ്യാഭ്യാസം എന്നിങ്ങനെ മൂന്നു ഡയരക്ടറേറ്റുകള്‍ വരും. ഈ നിര്‍ദേശങ്ങള്‍ ആരോഗ്യരംഗത്തെ ഭരണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. കാര്യക്ഷമതയും ആസൂത്രണമികവും വര്‍ധിപ്പിക്കാന്‍ ഇത് ഉപകരിക്കും.

ആരോഗ്യരംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ നിതിആയോഗ് പുറത്തു വിട്ട കണക്കും ഇതാണ് വ്യക്തമാക്കുന്നത്. എന്നാല്‍ കേരളത്തിന് ഒന്നാം സമ്മാനം സമ്മാനിക്കുന്ന അതേ റിപ്പോര്‍ട്ട് ആരോഗ്യ സംവിധാനങ്ങളുടെ ആധുനികവത്കരണത്തിലും വ്യാപനത്തിലുമുള്ള വേഗത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ നില അത്ര ആശാവഹമല്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഒന്നാം സ്ഥാനത്തിന്റെ ആഹ്ലാദത്തില്‍ ആ വിമര്‍ശം കാണാതിരിക്കുന്നത് ശരിയല്ലല്ലോ. മാത്രവുമല്ല, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരോഗ്യ ഉത്കണ്ഠകളുള്ള സമൂഹമായി കേരളീയര്‍ മാറിയിട്ടുണ്ട്. അവബോധം കൂടിയ ജനതക്കൊക്കെ സംഭവിക്കുന്ന ഒന്നാണ് അത്. അമിത പോഷണം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഇവിടുത്തെ നല്ലൊരു ശതമാനം ജനങ്ങള്‍ക്കുമുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ എന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കുന്ന ഗുരുതര പ്രശ്‌നങ്ങളുടെ പിടിയിലാണ് ഈ ജനത. മരുന്ന് ഉപഭോഗത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലുമാണ് കേരളീയര്‍. ശസ്ത്രക്രിയ ഉപകരണങ്ങളുടെയും സങ്കേതങ്ങളുടെയും ഏറ്റവും നല്ല വിപണിയാണ് കേരളം. അതുകൊണ്ട് കോര്‍പറേറ്റ് കമ്പനികള്‍ വായില്‍ വെള്ളമൂറിക്കൊണ്ടാണ് കേരളത്തിലേക്ക് കണ്ണയക്കുന്നത്. ഈ സാഹചര്യത്തില്‍ മരുന്ന് നിര്‍മാണത്തിലും മെഡിക്കല്‍ സാമഗ്രികളുടെ നിര്‍മാണത്തിലും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് സാധ്യത ഒരുക്കി കൊടുക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം ഏറെ പ്രതീക്ഷ നല്‍കുന്നു. പ്രതിവര്‍ഷം 1000 കോടിയുടെ മരുന്ന് ഉത്പാദനം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് കൊച്ചിയില്‍ ഫാര്‍മ പാര്‍ക്ക് സ്ഥാപിക്കുമെന്ന് കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ചതാണ്. സംസ്ഥാനത്ത് പ്രതിവര്‍ഷം 6000- 8000 കോടിയുടെ മരുന്ന് വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍, പൊതുമേഖലയിലുള്ള ഏക മരുന്ന് നിര്‍മാണ കമ്പനിയായ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സി (കെ എസ് ഡി പി)ല്‍ പ്രതിവര്‍ഷം 40 കോടിയോളം രൂപയുടെ മരുന്നേ നിര്‍മിക്കുന്നുള്ളൂ. ബഹുരാഷ്ട്ര കമ്പനികള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന ഭൂരിഭാഗം മരുന്നുകള്‍ക്കും അമിത വില നല്‍കേണ്ടിവരുന്നു. തദ്ദേശീയമായി ഉത്പാദിപ്പിച്ചാല്‍ ഗുണമേന്മയുള്ള മരുന്ന് കുറഞ്ഞവിലക്ക് ലഭ്യമാക്കാവുന്നതേയുള്ളൂ.

ജീവിതശൈലീരോഗങ്ങള്‍, കാലാവസ്ഥാവ്യതിയാന രോഗങ്ങള്‍ എന്നിവക്കായി പ്രത്യേക വിഭാഗം ആരംഭിക്കണമെന്ന കരടിലെ നിര്‍ദേശം പുതിയ കാലത്തെ മുന്നില്‍ കാണുന്നതാണ്. ആരോഗ്യരംഗത്തെ അഴിമതി തടയുന്നതിനായി ആശുപത്രികളിലെ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തണമെന്നും ഡോക്ടര്‍മാരുടെ നിലവിലുള്ള പ്രൈവറ്റ് പ്രാക്ടീസ് നിരോധനം കര്‍ശനമായി നടപ്പാക്കണമെന്നും ഡോ. ബി ഇക്ബാല്‍ അധ്യക്ഷനായ സമിതി മുന്നോട്ട് വെച്ച കരടില്‍ പറയുന്നുണ്ട്. സങ്കീര്‍ണമായ ഭരണ നടപടി ക്രമങ്ങളും വളരെ കുറച്ച് ഭരണപരമായ സ്വാതന്ത്ര്യവും മൂലം പ്രിന്‍സിപ്പല്‍മാര്‍ക്കും ആശുപത്രി സൂപ്രണ്ടുമാര്‍ക്കും മെഡിക്കല്‍ കോളജ് ഭരണം കാര്യക്ഷമമായും ഫലപ്രദമായും നടത്താന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് സ്വയം ഭരണം നല്‍കേണ്ടത് അനിവാര്യമാണെന്ന് കരട് ആരോഗ്യനയം വാദിക്കുന്നു. കൂടുതല്‍ ചര്‍ച്ചകളും പരിശോധനകളും ആവശ്യമായ ശിപാര്‍ശയാണ് ഇത്. കൃത്യമായ പരിചയസമ്പത്തും ദീര്‍ഘദര്‍ശിത്വവും അനിവാര്യമായ ഈ മേഖലയിലെ സ്വയം ഭരണാവകാശം എന്ത് ഫലമാകും ഉണ്ടാക്കുകയെന്നതാണ് ചോദ്യം. സ്ഥലം മാറ്റം ഒഴിവാക്കാനായി ഓരോ മെഡിക്കല്‍ കോളജിനും വേണ്ടി പ്രത്യേകമായി മെഡിക്കല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡും സ്റ്റാഫിനെയും അധ്യാപകരെയും നിയമിക്കും. നിലവിലുള്ള സ്റ്റാഫിന് താത്പര്യമുള്ള സ്ഥലങ്ങളില്‍ ഓപ്ഷന്‍ നല്‍കാന്‍ കഴിയുമെന്നും ആരോഗ്യ നയത്തില്‍ പറയുന്നു. ഇത് പ്രാവര്‍ത്തികമായാല്‍ പുനഃക്രമീകരണം ഉണ്ടാക്കുന്ന അതൃപ്തിയും അലങ്കോലവും ഒരു പരിധി വരെ മറികടക്കാന്‍ സാധിക്കും.

സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ എടുത്ത രേഖ നര്‍ബന്ധമാക്കി നിയമനിര്‍മാണം നടത്തണമെന്നാണ് കരട് ആരോഗ്യനയത്തിലെ മറ്റൊരു നിര്‍ദേശം. വാക്‌സിനെതിരെ നടക്കുന്ന പ്രചാരണത്തിന്റെ മുനയൊടിക്കുകയാണ് ലക്ഷ്യം. പക്ഷേ, ഇതില്‍ നിര്‍ബന്ധത്തിന്റെയും അടിച്ചേല്‍പ്പിക്കലിന്റെയും തലമുണ്ട്. ഇത്തരം നിര്‍ബന്ധങ്ങള്‍ കൊണ്ടുവരുമ്പോള്‍ അത് ബോധ്യപ്പെടുത്തി ചെയ്യുകയെന്നതാണ് ജനാധിപത്യപരം. പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെ വളരെ ആര്‍ജവത്തോടെ, ശാസ്ത്രീയമെന്ന് തോന്നിക്കുന്ന വാദഗതികള്‍ ഉന്നയിക്കുന്നവരുണ്ട്. അവരില്‍ പലരും വൈദ്യശാസ്ത്ര രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ളവരുമാണ്. വാക്‌സിനായി വാദിക്കുന്നവരും ചില്ലറക്കാരല്ല. ഈ വാദപ്രതിവാദങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വല്ലാത്തൊരു ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഈ ആശയക്കുഴപ്പം ദൂരികരിച്ചേ തീരൂ. എതിര്‍പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടിയേക്കാള്‍ ഫലപ്രദം ജനങ്ങളെ ശരിയായി ബോധ്യപ്പെടുത്തല്‍ തന്നെയായിരിക്കും. വാക്‌സിന്‍ ലഭ്യത, അതിന്റെ ഗുണനിലവാരം, വാക്‌സിന്‍ സംബന്ധിച്ച പരാതികള്‍, പുതിയ വാക്‌സിന്റെ സാധ്യതകള്‍ തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനായി വാക്‌സിന്‍ നിരീക്ഷണ സമിതി രൂപവത്കരിക്കുമെന്നും കരട് നയരേഖയില്‍ പറയുന്നുണ്ട്. അത്തരമൊരു സമിതി വേണ്ടത് തന്നെയാണ്.

റിപ്പോര്‍ട്ടുകള്‍ക്കും നയപ്രഖ്യാപനങ്ങള്‍ക്കും ഒരു പഞ്ഞവും ഉണ്ടാകാറില്ല. വലിയ പ്രതീക്ഷകള്‍ പകരുമെന്നതല്ലാതെ പ്രായോഗവത്കരണത്തിലേക്ക് അവയൊന്നും ഉണരാറില്ലെന്ന് മാത്രം. പൊതു ജനങ്ങളുടെയും വിദഗ്ധരുടെയും നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് സമഗ്രമായ ആരോഗ്യനയം നിലവില്‍ വരുമെന്നും അവ നടപ്പാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ പുറത്തെടുക്കുമെന്നും പ്രതിക്ഷിക്കാം.

---- facebook comment plugin here -----