മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് പ്രായപരിധി നിര്‍ബന്ധമാക്കണം: വനിതാ കമ്മീഷന്‍ അധ്യക്ഷ

Posted on: February 21, 2018 9:30 am | Last updated: February 21, 2018 at 9:30 am

കൊച്ചി: മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് പ്രായപരിധി ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. ജനിച്ചുവീണ കുട്ടികള്‍ വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പ്രവണതയാണ് ഇന്നുള്ളത്. സ്‌കൂള്‍തലങ്ങളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ യഥേഷ്ടം ഫോണ്‍ ഉപയോഗിക്കുന്നു. ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പ്രായപരിധി നിര്‍ബന്ധമാക്കണമെന്നും ജോസഫൈന്‍ പറഞ്ഞു.

എറണാകുളത്ത് വനിതാ കമ്മിഷന്‍ നടത്തിയ മെഗാ അദാലത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
വിവാഹേതര തട്ടിപ്പുകളില്‍ അകപ്പെടുന്ന വനിതകളില്‍ ഭൂരിഭാഗവും വിദ്യാസമ്പന്നരായ യുവതികളാണെന്ന് കമ്മീഷന്‍ വിലയിരുത്തി. മെഗാ അദാലത്തില്‍ കമ്മീഷന്റെ മുമ്പിലെത്തിയ വിവാഹപൂര്‍വ തട്ടിപ്പ് കേസുകളിലെല്ലാം ഇരകളായ സ്ത്രീകള്‍ വിദ്യാസമ്പന്നരാണെന്ന് അവര്‍ പറഞ്ഞു.
കൊച്ചിയില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ ചൊവ്വാഴ്ച ലഭിച്ചത് 100 പരാതികളാണ്. ഇതില്‍ 39 എണ്ണം തീര്‍പ്പാക്കി. 18 പരാതികളില്‍ പോലീസില്‍നിന്നും വിവിധ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.