Connect with us

Palakkad

ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനകളെ കാട്ടിലേക്ക് കയറ്റി

Published

|

Last Updated

പാലക്കാട്: മാത്തൂര്‍, മന്നംപുള്ളിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സമീപത്തെ കാട്ടിലേക്ക് കയറ്റി. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് മാത്തൂര്‍ മന്നംപുള്ളിയില്‍ ചെറുതും വലുതുമായ രണ്ട് കാട്ടാനകളെത്തിയത്. അതിരാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന് സമീപത്ത് ആനകളെ കണ്ടത്. ഉടനെ പോലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.

ഒരാഴ്ചമുമ്പ് മുണ്ടൂരില്‍ നിന്ന് ദേശീയപാത മുറിച്ച് കടന്ന കാട്ടാനകള്‍ അയ്യര്‍മലയിലായിരുന്നു. ഏകദേശം 15 കിലോമീറ്റര്‍ സഞ്ചരിച്ച ആനകള്‍ റെയില്‍വേ ട്രാക്കും ഭാരതപ്പുഴയും കടന്നാണ് ജനവാസ കേന്ദ്രത്തിലേക്ക് കയറിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പകല്‍സമയത്ത് പടക്കം പൊട്ടിച്ച് ആനകളെ കാട് കയറ്റുക പ്രയോഗികമല്ലാത്തതിനാല്‍ ഏറെ പണിപ്പെട്ടാണ് വൈകീട്ട് അഞ്ചരയോടെ സമീപത്തെ 15 ഏക്കര്‍ വിസ്തൃതിയുള്ള കാപ്പിക്കാട്ടിലേക്ക് കയറ്റിവിട്ടത്.

ആനകളുടെ നീക്കം നിരീക്ഷിച്ച് സുരക്ഷ ഉറപ്പാക്കുന്നതിന് ധോണി, മലമ്പുഴ, പറളി, വാളയാര്‍ റേഞ്ചുകളിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും രാത്രി വൈകിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ചെറിയ കാടുകളിലൂടെ മുണ്ടൂരിലെ വനത്തിലേക്ക് കയറ്റിവിടാനാണ് വനംവകുപ്പിന്റെ പദ്ധതി. പറളി, മങ്കര എന്നിവിടങ്ങളിലെ ചെറുവനത്തിലൂടെ മാത്രമേ ആനകളെ മുണ്ടൂരില്‍ എത്തിക്കാനാകൂ. കാട്ടാനകള്‍ ഭാരതപ്പുഴയുടെ തീരങ്ങളിലേക്ക് നീങ്ങാതിരിക്കാനായി രാത്രി വനംവകുപ്പ് നിരീക്ഷണം വ്യാപിപ്പിച്ചിട്ടുണ്ട്.