വെബ്‌സൈറ്റ് പരിഷ്‌കരിച്ചു; റെയില്‍വെ ഗ്രൂപ്പ് ഡി പരീക്ഷ മലയാളത്തില്‍ എഴുതാം

Posted on: February 19, 2018 10:37 pm | Last updated: February 20, 2018 at 11:30 am

പാലക്കാട്:റയില്‍വെയില്‍ ഗ്രൂപ്പ് ഡി പരീക്ഷ മലയാളത്തില്‍ എഴുതാം.മലയാളത്തെ ഒഴിവാക്കിയ നടപടി റയില്‍വെ പിന്‍വലിച്ചു. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ മലയാള ഭാഷ കൂടി തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില്‍ വെബ്‌സൈറ്റ് പരിഷ്‌കരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പത്തു മണി വരെ മലയാള ഭാഷ തിരഞ്ഞെടുക്കാനാവാതെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കു തിരുത്തുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്.

മലയാള ഭാഷയെ ഒഴിവാക്കപ്പെട്ടത് ശ്രദ്ധയില്‍പെട്ട ഉടനെ പരിഹാരം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിനു കത്തയച്ചിരുന്നു. റെയില്‍വെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ പ്രാദേശിക ഭാഷകളില്‍ മലയാളത്തെ മാത്രം ഒഴിവാക്കിയതു മലയാള ഭാഷയോടും ജനങ്ങളോടുമുള്ള കടുത്ത അനീതിയാണ്. റെയില്‍വേ നടപടി ഒരുതരത്തിലും നീതികരിക്കാനാവില്ല. മലയാളികളുടെ ജോലിസാധ്യത ഇല്ലാതാക്കുന്ന വിവാദ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

 

ഇംഗ്ലിഷ്, ഹിന്ദി, ഉറുദു എന്നിവയ്ക്കു പുറമെ, ഗുജറാത്തി, മറാഠി, പഞ്ചാബി, കന്നഡ, തെലുങ്ക്, തമിഴ്, കൊങ്ങിണി, ഒഡിയ, അസമീസ്, മണിപ്പുരി ഭാഷകളിലെല്ലാം പരീക്ഷയെഴുതാന്‍ അവസരമുണ്ട്.