എണ്ണൂറുകോടിയിലധികം രൂപ തട്ടിച്ച വിക്രം കോത്താരി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്

Posted on: February 18, 2018 9:48 pm | Last updated: February 18, 2018 at 9:48 pm

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായി എണ്ണൂറുകോടിയിലധികം രൂപ തട്ടിച്ച റോട്ടോമാക് പെന്‍ ഉടമ വിക്രം കോത്താരി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. യൂണിയന്‍ ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയില്‍നിന്ന് വായ്പയെടുത്ത കോത്താരി ഒരൂ രൂപപോലും തിരിച്ചടച്ചിട്ടല്ലെന്നാണ് കേസ്. പലിശയടക്കം 5,000 കോടി രൂപയോളം തിരിച്ചടവുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബാങ്കിംഗ് ചട്ടങ്ങള്‍ അട്ടിമറിച്ചാണു കോത്താരിക്ക് ഇത്രയും വലിയ തുക ബാങ്കുകള്‍ നല്‍കിയതെന്നും ആരോപണമുയര്‍ന്നു. കോത്താരിയുടെ സ്വത്തുകള്‍ കണ്ടുകെട്ടുമെന്ന് അലഹബാദ് ബാങ്ക് മാനേജ്‌മെന്റ് പ്രതികരിച്ചു. ഒരാഴ്ചയായി കാണ്‍പുര്‍ നഗരത്തിലെ കോത്താരിയുടെ ഓഫിസ് പൂട്ടിയിട്ട നിലയിലാണ്. 45 വര്‍ഷത്തിലധികമായി വ്യവസായം ചെയ്യുന്നയാള്‍ ഇപ്പോള്‍ എവിടെയാണെന്നു പോലും അറിയില്ല.

അതേസമയം, കോത്താരി കാണ്‍പുരിലുണ്ടെന്നും വിഷയം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും റോട്ടോമാക് ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു.