ഒരു വര്‍ഷം കൊണ്ട് ലവ്‌ലിക്ക് ബി ജെ പി മതിയായി

Posted on: February 18, 2018 10:37 am | Last updated: February 17, 2018 at 11:40 pm

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന അര്‍വിന്ദര്‍ സിംഗ് ലവ്‌ലി ‘മാതൃ പാര്‍ട്ടി’യില്‍ തിരിച്ചെത്തി. ബി ജെ പിയുടെ പ്രത്യയശാസ്ത്രവുമായി തനിക്ക് ഒരിക്കലും യോജിച്ചു പോകാനാകില്ലെന്നും ഒരു വര്‍ഷമായി ആ അസംതൃപ്തി അനുഭവിച്ചു വരികയായിരുന്നുവെന്നും കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകുന്നത് പ്രഖ്യാപിക്കാനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ലവ്‌ലി പറഞ്ഞു. 2017 ഏപ്രിലിലെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മുമ്പാണ് ഡല്‍ഹി പി സി സി മുന്‍ അധ്യക്ഷനായ ലവ്‌ലി ബി ജെ പിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചത് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. ഒരു ദുര്‍ബല നിമിഷത്തിലാണ് അത്തരമൊരു തീരുമാനമെടുത്തത്. ആശയവിനിമയത്തില്‍ വന്ന വിടവാണ് പ്രശ്‌നമായത്. പാര്‍ട്ടിയുടെ ഡല്‍ഹി അധ്യക്ഷന്‍ അജയ് മാകനുമായി സംസാരിച്ചത് വഴി എല്ലാം പരിഹരിക്കപ്പെട്ടുവെന്നും 48കാരനായ ലവ്‌ലി പറഞ്ഞു. ഷീലാ ദീക്ഷിതിനോടും അജയ് മാക്കനോടുമുള്ള കടുത്ത അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ലവ്‌ലി ബി ജെ പിയില്‍ ചേര്‍ന്നത്.

രാഹുല്‍ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ലവ്‌ലിയുടെ ‘ഘര്‍വാപസി’ക്ക് വഴിയൊരുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ ആഭ്യന്തര അടിപിടികള്‍ അവസാനിപ്പിച്ച് കൂട്ടായി തിരഞ്ഞെടുപ്പ് നേരിടുകയാണ് വേണ്ടതെന്ന രാഹുലിന്റെ നയമാണ് ഇത്തരമൊരു തിരിച്ചുവരവിന് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തല്‍. നാല് തവണ എം എല്‍ എയായിരുന്ന ലവ്‌ലി ഷീലാ ദീക്ഷിത് മന്ത്രിസഭയില്‍ അംഗവുമായിരുന്നു.