Connect with us

Gulf

ഭരണകൂട ഉച്ചകോടിയില്‍ ശൈഖ് സായിദിന്റെ അപൂര്‍വ ചിത്ര പ്രദര്‍ശനമൊരുക്കി ഇന്ത്യക്കാരന്‍

Published

|

Last Updated

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രദര്‍ശനം വീക്ഷിക്കുന്നു

ദുബൈ: രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ അത്യപൂര്‍വ ചിത്ര ശേഖരങ്ങള്‍ പ്രദര്‍ശനത്തിനൊരുക്കി ഇന്ത്യക്കാരന്‍ ലോക ഭരണകൂട ഉച്ചകോടിയില്‍ ശ്രദ്ധേയനായി. യു എ ഇയിലെ റോയല്‍ ഫോട്ടോ ഗ്രാഫര്‍ എന്നറിയപ്പെടുന്ന ചിത്രകാരനായ രമേശ് ശുക്ലയാണ് ഉച്ചകോടിയില്‍ ശൈഖ് സായിദിന്റെ അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കിയത്.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖര്‍ ഉച്ചകോടിയുടെ ആദ്യദിനം ശുക്ലയുടെ ചിത്ര പ്രദര്‍ശനങ്ങള്‍ വീക്ഷിക്കാന്‍ എത്തിയിരുന്നു. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ പ്രദര്‍ശനങ്ങള്‍ വീക്ഷിക്കാന്‍ എത്തിയിരുന്നു.

യു എ ഇയിലെ പ്രശസ്തനായ റോയല്‍ ഫോട്ടോ ഗ്രാഫറെന്നറിയപ്പെടുന്ന ശുക്ല, 1968 മുതലാണ് യു എ ഇ ഭരണകൂട കുടുംബംഗങ്ങളുടെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ചിത്രീകരിക്കാന്‍ തുടങ്ങിയത്. യു എ ഇ രാഷ്ട്രം നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ വിവിധ എമിറേറ്റുകളായി കഴിഞ്ഞിരുന്ന യു എ ഇയിലെ ഭരണകൂടങ്ങളുടെ കുടുംബ ചിത്രങ്ങള്‍ ശുക്ല പകര്‍ത്തിത്തുടങ്ങിയിരുന്നു. അന്തരിച്ച മുന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ വിവാഹത്തിന് ശൈഖ് സായിദ് നൃത്തം വെക്കുന്ന ചിത്രങ്ങളും ശുക്ലയുടെ ശേഖരത്തിലുണ്ട്.

തന്റെ ശേഖരത്തിലെ അഞ്ച് ശതമാനം ചിത്രങ്ങള്‍ മാത്രമേ പ്രദര്‍ശനത്തിനൊരുക്കിയിട്ടുള്ളു. 10 ദിവസത്തോളം വേണ്ടി വരും തന്റെ ചിത്ര ശേഖരം മുഴുവന്‍ കണ്ടു തീര്‍ക്കാന്‍ എന്ന് ശുക്ല പറഞ്ഞു.

ചരിത്രത്തിന്റെ ഭാഗമാണ് ചിത്രങ്ങള്‍. താന്‍ ചരിത്രത്തെ സ്‌നേഹിക്കുന്നു. ഷാര്‍ജയുടെ തെരുവിലൂടെ ശൈഖ് സായിദ് നടക്കുമ്പോഴുള്ള ചിത്രങ്ങള്‍ വരെ താന്‍ പകര്‍ത്തിയിട്ടുണ്ട്. തന്റെ സൈക്കിളില്‍ പിന്തുടര്‍ന്നാണ് ഷാര്‍ജ തെരുവോരത്തെ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

തന്റെ 20-ാമത്തെ വയസില്‍ യു എ ഇയില്‍ എത്തിയ ശുക്ല, താന്‍ പകര്‍ത്തുന്ന ചിത്രങ്ങളില്‍ ശൈഖ് സായിദിന്റെ ഒപ്പും വാങ്ങിയിരുന്നു. യു എ ഇയുടെ രൂപീകരണം എന്നത് ശൈഖ് സായിദിന്റെ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നം സാക്ഷാത്കരിച്ചപ്പോള്‍ അന്നത്തെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളും തനിക്ക് പകര്‍ത്താനായെന്ന് അദ്ദേഹം പറഞ്ഞു. ശൈഖ് സായിദിന്റെ എളിമയുടെ നേര്‍ പകര്‍പ്പുകളാണ് തന്റെ ചിത്രത്തില്‍ ദര്‍ശിക്കാനാവുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശുക്ലയുടെ, ശൈഖ് സായിദിന്റെ ചിത്ര ശേഖരത്തിലൊന്ന് യു എ ഇ സ്റ്റാംപില്‍ ഇടം പിടിച്ചിട്ടുണ്ട്. യു എ ഇ രൂപീകരണ ഘട്ടത്തില്‍ ജുമൈറയിലെ ഫഌഗ് ഐലന്‍ഡില്‍ ആദ്യമായി യു എ ഇ പതാക ഉയര്‍ത്തി ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികള്‍ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ചിത്രം രമേശ് ശുക്ലയുടെ ക്യാമറയില്‍ പതിഞ്ഞതാണ്.

 

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രദര്‍ശനം വീക്ഷിക്കുന്നു

 

Latest