Connect with us

Ongoing News

ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ടിന് ഇന്ന് തുടക്കം

Published

|

Last Updated

യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. യുവെന്റസ്-ടോട്ടനം ഹോസ്പര്‍, ബാസല്‍-മാഞ്ചസ്റ്റര്‍ സിറ്റി മത്സരങ്ങള്‍ ഇന്ന് നടക്കും. ലിവര്‍പൂളും റയല്‍ മാഡ്രിഡും നാളെ പ്രീക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദം കളിക്കാനിറങ്ങും. പോര്‍ട്ടോയാണ് ലിവര്‍പൂളിന്റെ എതിരാളി. റയല്‍ മാഡ്രിഡ് ഹോം മാച്ചില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയെ നേരിടും.
സെവിയ്യ-മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ഷാക്തര്‍ ഡോനെസ്‌ക്-റോമ ആദ്യ പാദ പ്രീക്വാര്‍ട്ടര്‍ ഈ മാസം 21ന്. ബയേണ്‍ മ്യൂണിക്കും ബെസിക്താസും ആദ്യ പാദം 20ന് കളിക്കും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ഉറപ്പിച്ച് കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി യൂറോപ്പിലും ആ കരുത്ത് അറിയിക്കാനുള്ള പുറപ്പാടിലാണ്. നിലവിലെ ഫോമില്‍ എഫ് സി ബാസല്‍ പെപ് ഗോര്‍ഡിയോളയുടെ ടീമിന് ഒരെതിരാളിയേ അല്ല.
സീസണില്‍ നാല് ട്രോഫികള്‍ നേടാനുള്ള അവസരം സിറ്റിക്ക് മുന്നില്‍ ഇപ്പോഴുണ്ട്. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ലെസ്റ്റര്‍ സിറ്റിയെ 1-5നാണ് സിറ്റി തകര്‍ത്തു വിട്ടത്. നാല് ഗോളുകള്‍ നേടിയത് അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോയും. എന്നാല്‍, അഗ്യുറോക്ക് വിശ്രമം നല്‍കാനാണ് പെപ് ഗോര്‍ഡിയക്ക് താത്പര്യം. അഗ്യുറോ ഇതില്‍ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പരിശീലന സെഷനില്‍ കോച്ചുമായി അഗ്യുറോ ഏറെ നേരം വാദപ്രതിവാദത്തിലേര്‍പ്പെട്ടിരുന്നു. ഇത് സൂചിപ്പിക്കുന്നത്, കോച്ചിന്റെ റൊട്ടേഷന്‍ സമ്പ്രദായത്തോട് അഗ്യുറോക്ക് താത്പര്യക്കുറവുണ്ടെന്നാണ്.

ലെറോയ് സാനെ, ഡേവിഡ് സില്‍വ, ഡെല്‍ഫ് എന്നിവര്‍ സിറ്റിയുടെ പരിശീലന സെഷനില്‍ തിരിച്ചെത്തി. പരുക്കില്‍ നിന്ന് മുക്തരായെത്തിയ ഈ ത്രയങ്ങളെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പെപ് ഗോര്‍ഡിയോള പരീക്ഷിക്കും.
ചാമ്പ്യന്‍സ് ലീഗിന് ശേഷം എഫ് എ കപ്പില്‍ വിഗാനെതിരെ അഞ്ചാം റൗണ്ട് മത്സരം. ഈ മാസവസാനം കരബാവോ കപ്പ് ഫൈനലില്‍ ആഴ്‌സണലിനെ നേരിടും.

Latest