Connect with us

International

തോറ്റിട്ടും കൈയടി നേടുകയാണ് ടീം കൊറിയ

Published

|

Last Updated

സിയൂള്‍: ദക്ഷിണ കൊറിയയില്‍ ശൈത്യകാല ഒളിമ്പിക്‌സ് ആവേശകരമായി മുന്നോട്ടുപോകുമ്പോള്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷത്തിലാണ് ആതിഥേയര്‍. ആവശ്യമായ പരിശീലനം ലഭിക്കാത്തതിനാലും മറ്റും ഓരോ കളിയിലും ടീം കൊറിയ ദയനീയ പരാജയം ഏറ്റുവാങ്ങുന്നുണ്ടെങ്കിലും ഗ്യാലറിയിലും ലോകരാജ്യങ്ങള്‍ക്കിടയിലും കൈയടി നേടിക്കൊണ്ടിരിക്കുകയാണ് ഈ ഒരുമ.

ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കുന്നതിനൊപ്പം പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലുള്ള ഒത്തുചേരലിന്റെ സന്തോഷത്തിലാണ് കൊറിയന്‍ ടീം. 1948ലെ കൊറിയന്‍ വിഭജനത്തിന് ശേഷം ഇത്തരമൊരു ഒരുമിച്ചുകൂടല്‍ ഇതാദ്യമാണ്. ഇരുകൊറിയകളും ഒരുപാതകക്ക് കീഴില്‍ ഒറ്റ ടീമായി മത്സരിക്കുമ്പോള്‍ അത് ലോകരാജ്യങ്ങള്‍ക്ക് നല്‍കുന്നത് സമാധാനത്തിന്റെ പുതിയ സന്ദേശമാണ്.

രാഷ്ട്രീയമായും നയതന്ത്രപരമായും കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലും യുദ്ധസമാനമായ വാക്‌പോരുകള്‍ നടന്ന സന്ദര്‍ഭത്തിലുമാണ് ശൈത്യകാല ഒളിമ്പിക്‌സിനായി കൊറിയകള്‍ ഒരുമിച്ചത്. അമേരിക്കക്കൊപ്പം ചേര്‍ന്ന് ദക്ഷിണ കൊറിയ ഉത്തര കൊറിയയെ വെല്ലുവിളിച്ചപ്പോള്‍ യു എന്നിന്റെയും ലോകരാജ്യങ്ങളുടെയും എതിര്‍പ്പുകളും ഭീഷണികളും മറികടന്ന് പോര്‍വിളി മുഴക്കുകയായിരുന്നു ഉത്തര കൊറിയ. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്റെ പേരില്‍ അന്താരാഷ്ട്ര ഉപരോധം നേരിട്ടുകൊണ്ടിരിക്കുന്ന ഉത്തര കൊറിയ സഹോദര രാജ്യവുമായി സഹകരിക്കാന്‍ തീരുമാനിച്ചത് അമേരിക്കയെ അത്ഭുതപ്പെടുത്തിയിരുന്നു.

വെള്ളിയാഴ്ച നടന്ന 23ാമത് ശൈത്യകാല ഒളിമ്പിക്‌സിന്റെ ഉദ്ഘാടന വേദി ചരിത്രപരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. ശത്രുക്കളായി നിന്ന നേതാക്കള്‍ മിത്രങ്ങളായി പരസ്പരം കൈകൊടുത്തു. പാരമ്പര്യമായി മനസ്സില്‍ സൂക്ഷിച്ച വൈരവും പ്രത്യയശാസത്രപരമായുമുള്ള വിയോജിപ്പുകളും മറന്ന് അവര്‍ സ്‌നേഹ സംഭാഷണം നടത്തി. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗിന്റെ സാന്നിധ്യം ഏറെ പ്രാധാന്യം അര്‍ഹിച്ചിരുന്നു. പ്രധാന ശത്രുവായ അമേരിക്കയുടെ വൈസ് പ്രസിഡന്റ് മൈക് പെന്‍സിന് സമീപത്തായിരുന്നു ഉത്തര കൊറിയന്‍ പ്രതിനിധികളും ഇരുന്നത്.

ശനിയാഴ്ച രാത്രി സ്വിറ്റ്‌സര്‍ലാന്‍ഡുമായി നടന്ന വനിതകളുടെ ഔസ് ഹോക്കി മത്സര വേദി കൗതുകകരമായിരുന്നു. ഏകപക്ഷീയമായ എട്ട് ഗോളുകള്‍ക്ക് ടീം കൊറിയ പരാജയപ്പെട്ടെങ്കിലും ഓരോ സെക്കന്‍ഡിലും കൈയ്യടി വാങ്ങിയത് തോറ്റ ടീമായിരുന്നു. ഒരൊറ്റ ജെഴ്‌സിയണിഞ്ഞ് ഉത്തര കൊറിയയുടെയും ദക്ഷിണ കൊറിയയുടെയും ഹോക്കി താരങ്ങള്‍ ഗാങ്‌ന്യൂംഗിലെ ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ ചുവന്ന വസ്ത്രം അണിഞ്ഞ് ഉത്തര കൊറിയയുടെ ചിയര്‍ ലീഡേഴ്‌സ് താരങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധമുഴുവനും തോറ്റ ടീമിന് കൈയടിക്കുന്ന ഈ കാണികളിലായിരുന്നു. നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം ഒരൊറ്റ കൊറിയയായി മത്സരിക്കാനുള്ള അന്തിമ തീരുമാനം വന്നതിന് ശേഷം കഴിഞ്ഞ മാസമാണ് ഹോക്കി ടീമില്‍ ഉത്തര കൊറിയന്‍ താരങ്ങളെ ഉള്‍പ്പെടുത്തിയത്. ടീമിലെ ഇത്തരമൊരു മാറ്റം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞ കനേഡിയന്‍ കോച്ച് കുറച്ച് നേരത്തെ ഈ താരങ്ങളെ തനിക്ക് കിട്ടിയിരുന്നെങ്കില്‍ മികച്ച ടീമാക്കി മാറ്റാന്‍ സാധിക്കുമായിരുന്നുവെന്ന ശുഭാപ്തി വിശ്വാസവും അറിയിച്ചു.

കേവലം ഒരു ഒളിമ്പിക്‌സിലെ ടീം എന്നതിനുപരി കാലങ്ങളായുള്ള അയല്‍രാജ്യങ്ങളുടെ പോരിനുള്ള മറുപടിയാകുകയാണ് ഈ ഹോക്കി ടീം. തോല്‍ക്കുമ്പോഴും കൈയടി നേടുമ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുകഴ്ത്തുന്നത് ശൈത്യകാല ഒളിമ്പിക്‌സിലുണ്ടായ ഈ ചരിത്രപരമായ മഞ്ഞുരുക്കമാണ്.