ഖത്വര്‍ ഫൗണ്ടേഷന്‍ കായികദിന പരിപാടികള്‍ പ്രഖ്യാപിച്ചു

Posted on: February 11, 2018 6:30 pm | Last updated: February 11, 2018 at 7:49 pm

ദോഹ: ദേശീയ കായികദിനത്തോടനുബന്ധിച്ച് ഖത്വര്‍ ഫൗണ്ടേഷന്‍ നടത്തുന്ന കായിക പരിപടികള്‍ പ്രഖ്യാപിച്ചു. കുടുംബങ്ങള്‍ക്കൊന്നാകെ ആസ്വദിക്കാനും പങ്കുചേരാനുമുള്ള പരിപാടികളാണ് നടക്കുക. കായികദിനമായ 13ന് രാവിലെ എട്ടിന് വാക്കത്തോണോടു കൂടിയാണ് തുടക്കം. എജുക്കേഷന്‍ സിറ്റി സ്റ്റുഡന്റ് സെന്ററില്‍ നിന്നാണ് വാക്കത്തോണ്‍ ആരംഭിക്കുക.
അനുഭവസമ്പന്നരായ അത്ലറ്റുകള്‍ക്കും മറ്റുമായി 40 കിലോമീറ്റര്‍ സൈക്കിള്‍, 50 കിലോമീറ്റര്‍ അള്‍ട്രാ മാരത്തണ്‍ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. എജുക്കേഷന്‍ സിറ്റി സെറിമോണിയല്‍ കോര്‍ട്ടിനു സമീപത്തുനിന്നും രാവിലെ 8.20നായിരിക്കും മത്സരങ്ങള്‍ തുടങ്ങുക. അല്‍ ശഖബിലും വിപുലമായ പരിപാടികള്‍ നടക്കുന്നുണ്ട്. ദി ചലഞ്ച് എന്ന പേരിലാണ് പരിപാടി.
വ്യായാമങ്ങളും മത്സരങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ ഉച്ച കഴിഞ്ഞ് നാലു വരെയാണ് അല്‍ ശഖബിലെ പരിപാടികള്‍. കരുത്ത്, തന്ത്രം, തുല്യത, ഏകാഗ്രത, മത്സരം എന്നിവയിലധിഷ്ഠിതമായാണ് പരിപാടികള്‍.

ഓക്സിജന്‍ പാര്‍ക്കില്‍ വിവിധങ്ങളായ പരിപാടികള്‍ അരങ്ങേറും. ടെന്നീസ്, ഫുട്‌ബോള്‍, ട്രഷര്‍ഹണ്ട്, റോപ്ജമ്പ്, കംഗാരു സാക്ക്റേസ്, ബീച്ച് ടെന്നീസ്, പോണിറൈഡിംഗ്, കുട്ടികള്‍ക്കായുള്ള വിവിധങ്ങളായ പരിപാടികള്‍, വനിതകള്‍ക്കു മാത്രമായുള്ള പരിപാടികള്‍ എന്നിവയും എജുക്കേഷന്‍ സിറ്റി സ്റ്റുഡന്റ് സെന്റര്‍, അല്‍ശഖബ് എന്നിവിടങ്ങളിലായി വൈകുന്നേരം നാലര മുതല്‍ ആറര വരെ നടക്കും. കുടുംബ കേന്ദ്രീകൃത പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ക്യു എഫ് റിക്രിയേഷന്‍ സെന്ററിലായിരിക്കും ഈ പരിപാടികള്‍. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി നീന്തല്‍, അന്ധരായവര്‍ക്കായി ഗോള്‍ബോള്‍ ഫുട്‌ബോള്‍, ജിംനാസ്റ്റിക്, ട്രാംപോലിന്‍ അവതരണം, സ്‌ക്വാഷ് ടൂര്‍ണമെന്റ്, അന്ധതയെക്കുറിച്ചുള്ള ബോധവല്‍ക്കരണം ലക്ഷ്യമിട്ടുള്ള േ്രേപത്യക ഫുട്‌ബോള്‍ ഇനമായ സ്‌ലാലോം ഫുട്‌ബോള്‍ ഉള്‍പ്പടെയുള്ളവ നടക്കും.

സെറിമോണിയല്‍ കോര്‍ട്ടില്‍ ഔട്ട്‌ഡോര്‍ ഗെയിമുകളും നടക്കും. പൊതുജനങ്ങളെ കൂടുതല്‍ സജീവമാക്കുന്നതില്‍ ദേശീയ കായികദിനം മികച്ച അവസരമാണ് നല്‍കുന്നതെന്ന് ഖത്വര്‍ ഫൗണ്ടേഷന്‍ കമ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രസിഡന്റ് മാഷില്ലെ അല്‍ നഈമി പറഞ്ഞു.
വൊഡാഫോണ്‍, സിദ്‌റ മെഡിസിന്‍, അസ്താദ്, സെന്റര്‍ പോയിന്റ് തുടങ്ങിയ സ്ഥാപനങ്ങളാണ് യാണ് ക്യു എഫ് പരിപാടികളുടെ പ്രധാന സ്പോണ്‍സര്‍മാര്‍.